വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Tuesday, March 18, 2014

റോസ് ദ്വീപിലെ പ്രേത മന്ദിരങ്ങള്‍


പടര്‍ന്നിറങ്ങിയ അസംഖ്യം ഭീമാകാരങ്ങളായ വേരുകളുടെയിടയില്‍ ഞെരിഞ്ഞുശ്വാസം മുട്ടി നില്‍ക്കുന്ന കെട്ടിടാവിശിഷ്ടങ്ങള്‍.
ഭൂതപ്രേതാദികള്‍ക്ക് രാത്രികാലങ്ങളില്‍ പറന്നിറങ്ങാന്‍ പാകത്തില്‍ മേല്‍ക്കൂരകള്‍ ആകാശത്തേക്കു തുറന്നു കിടന്നു.
ഏതോ ഭീകരജീവികള്‍ ജനാലകളും വാതിലുകളും പറിച്ചു ദൂരെ എറിഞ്ഞ പോലെ .
പ്രേതമന്ദിരങ്ങളുടെ കവലയിലാണോ നാം എത്തപ്പെട്ടിരിക്കുന്നത്?
നിറമില്ലാത്ത പിശാചുക്കളുടെ അദൃശ്യസാന്നിദ്ധ്യം അനുഭവപ്പെടുന്നില്ലേ?
ഏതോ അജ്ഞാതമായ ഭിതിമൂലം ഉപേക്ഷിക്കപ്പെട്ടുപോയ ജനവാസത്തിന്റെ ദുരന്തസ്മാരകങ്ങളാണോ ഇവ?

ഒറ്റയ്കേ ഉളളുവെങ്കില്‍ തീര്‍ച്ചയായും ഭയന്നു പോകും. നിരവധി ഉടലുകളുളള കടല്‍സര്‍പ്പങ്ങള്‍ പോലെ വേരുകള്‍ അമൂല്യമായ നിധി കാക്കുകയോ എന്നു തോന്നും.കടല്‍ത്തിരകളുടെ ഞൊറിവുകളില്‍ കാറ്റ് ഊതിയൂതിയുയര്‍ത്തുന്ന ശീല്കാരവും നേര്‍ത്തമര്‍ന്നിഴയുന്ന തിരമാലകളുടെ ഇടവിട്ടുളള നിലവിളിഞരക്കവും  കെട്ടു പിണഞ്ഞു കിടക്കുന്ന നിഴലുകളും ..ആകെപ്പാടെ അശുഭകരമായ അന്തരീക്ഷമാണ്.ചെറുപ്പത്തില്‍ ഹൃദയമിടിപ്പോടെ വായിച്ച അപസര്‍പ്പക നോവലുകളില്‍ പരിചയപ്പെട്ട അജ്ഞാതസ്ഥലങ്ങള്‍ക്ക് സമാനം. കളളിച്ചെടിയും പാലയും യക്ഷിപ്പനയുമില്ലെന്നു മാത്രം.
റോസ് ദ്വീപിലെ ഇത്തരം കെട്ടിടാവിശിഷ്ടത്തിനോരോന്നിനും മുന്നില്‍ ഇതുപോലെ ബോര്‍ഡുണ്ട്. ഇത് ജലശുദ്ധീകരണ പ്ലാന്റ്! ഇത് അച്ചടി ശാല! ഇത് സെക്രട്ടറിയേറ്റ്, ഇത് നീന്തല്‍ക്കുളം,പവര്‍ ഹൗസ്...ബോര്‍ഡുകള്‍ ഈ കെട്ടിടങ്ങളെ പരിഹസിക്കുകയല്ല,അതെ ഒരിക്കല്‍ ഇവിടം സജീവമായിരുന്നുഎന്നോര്‍മിപ്പിക്കുകയാണ്.
റോസ് ദ്വീപില്‍ ആതുരാലയവും ക്ലബ്ബുകളും ഓപ്പണ്‍ എയര്‍ തിയേറ്ററും വായനശാലയും പോസ്റ്റ് ഓഫീസും ടെന്നീസ് കോര്ട്ടും ചന്തയും മൈതാനവും ഉദ്യാനവും ചീഫ് കമ്മീഷണറുടെ വസതിയും നിരീക്ഷണാലയവുമെല്ലാം ഉണ്ടായിരുന്നു. എഴുപതേക്കര്‍ സ്ഥലത്ത് അഞ്ഞൂറിലേറെ പേര്‍ പാര്‍ത്തിരുന്നു. അന്ന് ബ്രിട്ടീഷ് ആധിപത്യത്തിന്റെ സുവര്‍ണകാലമായിരുന്നു .

ഓരോ കെട്ടിടത്തിനും ചരിത്രം പറയാനുണ്ട്? എവിടെത്തുടങ്ങണം എന്നതില്‍ മാത്രമാണ് പ്രശ്നം. ഈ കാണുന്ന ജലശുദ്ധീകരണപ്ലാന്റിന് മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ സ്വന്തം കഥ തുടങ്ങാം.ദ്വീപില്‍ പടര്‍ന്നു പിടിച്ച ജലജന്യമാരകരോഗങ്ങള്‍. നിത്യവും മരണക്കാഴ്ചകള്‍ .കുഞ്ഞുങ്ങളാണ് ആദ്യം ദുരിതങ്ങളില്‍ നിന്നും സ്വര്‍ഗത്തിലേക്കു പോവുക.കാരണം അവര്‍ നിഷ്കളങ്കര്‍.മരണത്തിന്റെ വിശപ്പില്‍ നിന്നും അടിമത്തടവുകാരെയും തൊഴിലാളികളേയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും രക്ഷിക്കാനാണ് ജലശുദ്ധീകരണ പ്ലാന്റ് റോസ് ദ്വീപില്‍ ആരംഭിക്കുന്നത്. ജലലഭ്യതയാണല്ലോ ഈ ദ്വീപിലേക്ക് ഭരണകേന്ദ്രം കൊണ്ടുവരുവാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്.ചാഥം ദ്വീപായിരുന്നു ആയിരുന്നു ആദ്യം കണ്ടുവെച്ച സ്ഥലം. അവിടെ ശുദ്ധജലലഭ്യത പരിമിതം.വെളളമില്ലാതെന്തു ജീവിതം.അഞ്ഞൂറിലേറെ ദ്വീപുകളില്‍ മുപ്പത്തിയേഴില്‍ മാത്രം ജനവാസം. അതിന്റെ മുഖ്യകാരണങ്ങളിലൊന്ന് ജലം തന്നെ. ഉപ്പുവെളളവും ചുണ്ണാമ്പുവെളളവും കുടിച്ച് ജീവിക്കാനാകില്ലല്ലോ.

വൃക്ഷങ്ങളുടെ ഈ വേരുകള്‍ പ്രതികാരബോധത്തൊടെയാണോ ഈ കെട്ടിടങ്ങളെ ഞെരിക്കുന്നത്? അതിനു സാധ്യതയുണ്ട്. പണ്ട് ഇവിടം നിബിഡവനമായിരുന്നു. സൂര്യവെളിച്ചത്തിനു പോലും പ്രവേശനം നിഷേധിച്ച ഇടതൂര്‍ന്ന കാട്.മനുഷ്യന്റെ കണ്ണെത്തുമ്പോഴാണല്ലോ കാട് കാടല്ലാതാകുന്നത്. പ്രാകൃതം , കാടന്‍, കാട്ടാളത്തം, കാടുകയറുക,കാട്ടുനീതി,കാട്ടുജാതി തുടങ്ങിയ എത്രയെത്ര വാക്കുകള്‍ കൊണ്ടാണ് നാം കാടിനെ അധിക്ഷേപിക്കുന്നത്? ഇവിടെ പച്ചപ്പിന്റെ നാനാര്‍ഥങ്ങളുമായി നിന്ന, കലര്‍പ്പില്ലാത്തരുചികളുടെ കനികളുമായി നിന്ന പരസ്പരാശ്രിതസമൃദ്ധസസ്യജാലങ്ങള്‍ എങ്ങനെയാണ് അപ്രത്യക്ഷമായത്?
മറൈന്‍ സര്‍വേയറായ ദാനിയല്‍ റോസ് കണ്ടെത്തിയതിനാല്‍ അദ്ദേഹത്തിന്റെ പേരിലറയിപ്പട്ട ഈ ദ്വീപില്‍ ഭരണകേന്ദ്രം സ്ഥാപിക്കാന്‍ 1858 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി.തേക്കടക്കം നല്ല പടുകൂറ്റന്‍ മരങ്ങള്‍. അവയൊക്കെ നിഷ്കരുണം വെട്ടിവെളുപ്പിക്കാനാണ് തീരുമാനം.വെളുപ്പിക്കുന്നവരാണ് വെളളക്കാര്‍. അതു നാടായാലും കാടായാലും.അന്യനാടുകള്‍ വെട്ടിപ്പിടിച്ച് നല്ലതെല്ലാം കൊളളയടിക്കുന്ന സാമ്രാജ്യത്വത്തിന് കാടിനൊടെന്തു മമത?കാടുവെട്ടാന്‍ തടവുകാരുണ്ട്. നാടുകടത്തപ്പെട്ടവര്‍.സഹനത്തിന്റെ നെല്ലിപ്പലക കണ്ടവര്‍. അവര്‍ കോടാലി വീശി. മരങ്ങളുടെ ചുവടറ്റു. പക്ഷേ കട മുറിഞ്ഞിട്ടും അവ വീഴാന്‍ കൂട്ടാക്കിയില്ല. കൂട്ടുകാരുടെ ശാഖകള്‍ അവയെ വീഴാനനുവദിച്ചില്ല. തങ്ങള്‍ വീഴാതെ നിന്നെ വീഴ്ത്തില്ല എന്ന സന്ദേശം. ഒരിക്കല്‍ മൂന്നു സൂഫി സന്യാസിമാരെ തൂക്കിലേറ്റാന്‍ തീരുമാനിച്ചു. ആദ്യം ഒരുസന്യാസിയുടെ പേരു വിളിച്ചു. അപ്പോള്‍ മൂന്നാമത് നിന്ന സന്യാസി പറഞ്ഞു "ആദ്യം എന്നെ തൂക്കിലേറ്റണം.” മറ്റു രണ്ടു പേരും ആദ്യ അവസരത്തിനായി വാദിച്ചു. ഇതു കണ്ട ആരാച്ചാര്‍ ചോദിച്ചു "നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്? എതായാലും മരിക്കുമല്ലോ? "സന്യാസിമാരുടെ മറുപടി ഇപ്രകാരമായിരുന്നു "ജീവത്തിന്റെ കാര്യത്തില്‍ മററുളളവരുടെ പിന്നിലും മരണത്തില്‍ മറ്റുളളവര്‍ക്കു മുന്നിലും നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.” അതേ പോലെയാണ് സഹവൃക്ഷങ്ങള്‍ ചെയ്തത്
താങ്ങായി നിന്ന കൈകളെയെല്ലാം വെട്ടിക്കോതിയും 
കെട്ടിപ്പുണര്‍ന്ന വളളികളെയെല്ലാം അറുത്തെറിഞ്ഞും 
തടസ്സം നിന്ന അടിക്കാടുകളെ നിരത്തി വെട്ടിയും 
വളരെയേറെ പാടുപെട്ടാണ് പണിക്കാര്‍ ആകാശമേഘങ്ങളേയും ചന്ദ്രതാരങ്ങളയും തൊട്ടുരുമ്മിത്തലോടി നിന്ന വന്മരങ്ങളെ നിലം പൊത്തിച്ചത്. 
വനം തളര്‍ന്നു ശോഷിച്ചു. 
അന്ന് വൃക്ഷശാപം വീണ നാടാണിത്.

നോക്കൂ എത്ര മനോഹരമീ കടലും തീരവും.സെമിറാമിസ്, ഡല്‍ഹൗസി,പ്ലൂട്ടോ, റോമാസസാമ്രാജ്യം, എഡ്വേര്‍ഡ്, സെസ്റ്റോറിസ് എന്നിങ്ങനെ പേരുകളുളള കപ്പലുകള്‍ പണ്ട് ആന്തമാനിലേക്ക് വരികയും പോവുകയും ചെയ്തത് മനോഹാരിത ആസ്വദിക്കാനായിരുന്നില്ല. ഓരോ വരവിലും ഓരോ കപ്പലിലും ഇരുന്നൂറും മുന്നൂറും തടവുകാര്‍ .കറാച്ചിയില്‍ നിന്നും കല്‍ക്കട്ടയില്‍ നിന്നും റംഗൂണില്‍ നിന്നുമക്കെ കനത്ത ബന്ധവസില്‍ കയറ്റിയയക്കപ്പെട്ടവര്‍. അപകടകാരികളെന്നു മുദ്രകുത്തപ്പെട്ടവര്‍.അതില്‍ കുറേ പേര്‍ റോസ് ദ്വീപിലെ പകല്‍പ്പണിത്തടവുകാരായി.
റോസ് ദ്വീപ് രണ്ടായി പകുത്ത് മതിലു കെട്ടി.വടക്കുഭാഗം ബ്രിട്ടീഷ് ഉന്നതോദ്യോഗസ്ഥര്‍ക്കും തെക്കുഭാഗം ഇന്ത്യന്‍ തടവുകാര്‍ക്കും പട്ടാളക്കാര്‍ക്കും തൊഴിലാളികള്‍ക്കും.വടക്കു ഭാഗം ഏറ്റവും മുന്തിയ സുഖസൗകര്യങ്ങളുടെ മധുരം ആസ്വദിക്കാവുന്നവിധമാക്കി . പാരീസ് ഓഫ് ദി ഈസ്ററ് എന്നു റോസ് ദ്വീപ് അറിയപ്പെട്ടു.ശനിയാഴ്ചകളില്‍ ജലകേളികള്‍.ചലഞ്ച് കപ്പ് നേടുവാനുളള ജലമത്സരം. നീന്തല്‍,മത്സ്യവേട്ട..പലതരം വേട്ടകളും വേഴ്ചകളും.ജനറേറ്ററുകളില്‍ ഉല്പാദിപ്പിക്കപ്പെട്ട വൈദ്യുതി നിശാവിരുന്നുകള്‍ക്കും ഉല്ലാസജീവിതത്തിനു വെളിച്ചമിറ്റിച്ചു.
ഇതൊരു ദേവാലയത്തിന്റെ അകം.(പുറം ഭാഗം അടുത്ത ചിത്രം) ബര്‍മയില്‍ നിന്നും കൊണ്ടുവന്ന തേക്കുരുപ്പടികളും ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്ത കമനീയമായ സ്ഫടികജാലകങ്ങളുംകൊണ്ടായിരുന്നു നിര്‍മിതി.പതിവുപോലെ പള്ളി കുന്നിന്‍ നെറുകയില്‍ തന്നെ. പ്രൊട്ടസ്റ്റന്റ് മതവിശ്വാസികള്‍ക്കായി നിലകൊണ്ട പളളി.ഇന്ത്യക്കാരെ നട്ടെല്ലു നുറുക്കി പണി ചെയ്യിച്ചാണ് ഈ ദേവാലയവും ഉയര്‍ന്നത്.
പാപം ചെയ്തവരുടെ പ്രാര്‍ഥന കേള്‍ക്കാന്‍ ദൈവം ഇഷ്ടപ്പെടുമോ?പ്രാര്‍ഥിക്കുന്ന പാപികളോട് എന്നും കാലം ചോദിക്കുന്നചോദ്യമാണിത്.പളളിയുടെ കുംഭഗോപുരങ്ങളില്‍ വൃക്ഷങ്ങള്‍ പ്രാര്‍ഥന നടത്തുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്.
കുറ്റം പറയരുതല്ലോ ഹിന്ദുമതക്ഷേത്രവും ഇസ്ലാം പളളിയും കൂടി റോസ് ദ്വീപിലെ തടവുകാര്‍ക്കു വേണ്ടി ഔദാര്യം പോലെ പണിതു നല്‍കിയിരുന്നത്രേ. നോവുന്നവരെല്ലാം ആരാധനാലയങ്ങളില്‍ നോവിറക്കി യഥാ്ര്‍ഥ പ്രതിയോഗിയെ മറക്കട്ടെ എന്ന തന്ത്രം അന്നും ഇന്നും സജീവമാണല്ലോ.

1941 ജൂണ്‍ 26 പകല്‍ നാലുമണി കഴിഞ്ഞ് ഇരുപത്തിയൊന്നു മിനിറ്റ്....
പെട്ടെന്ന് എല്ലാം കുലുങ്ങിമറിഞ്ഞു. 
ആളുകള്‍ ചിതറിത്തെറിച്ചു.
 വൃക്ഷങ്ങള്‍ കടപുഴകി.  
കെട്ടിടങ്ങള്‍ ഇടിഞ്ഞമര്‍ന്നു.
 ഭൂമി വിണ്ടുകീറി. ദ്വിപിനെ രണ്ടായി പകുത്ത് നെടുനീളത്തില്‍ വിളളല്‍ പ്രത്യക്ഷപ്പെട്ടു. 
റോസ് ദ്വീപിന്റെ ഒരു ഭാഗം കടലിലേക്കാഴ്ന്നു. ലക്കുകെട്ട കടല്‍ത്തിരകള്‍ കരയില്‍കയറി കണ്ണില്‍ക്കണ്ടതെല്ലാം വാരിച്ചിതറി.
അതിശക്തമായ ആ ഭൂകമ്പത്തില്‍ റോസ് ദ്വീപ് തകര്‍ന്നു.നാം ആദ്യം കണ്ട കെട്ടിടാവശിഷ്ടങ്ങള്‍ ഭൂകമ്പത്തിന്റെ ബാക്കിപത്രമാണ്.

റോസ് ദ്വീപിലേക്കു കാലു കുത്തുമ്പോള്‍ ആദ്യം കാണുന്നത് ജപ്പാന്റെ ഒളിയറയാണ്.ജപ്പാനീസ് ബങ്കര്‍.കടലിലേക്കു നിരീക്ഷണക്കിളിവാതിലുമായി കടുംകാവിച്ചുവപ്പില്‍ അത് ഒറ്റപ്പെട്ടു നിന്നു.
1942 മാര്‍ച്ച് 23. റോസ് ദ്വീപിന്റെ ആകാശം ശബ്ദമുഖരിതമായി. ആകാശത്തു നിന്നുമായിരുന്നു ആദ്യ ആക്രമണം. പിന്നെ സമുദ്രത്തില്‍ നിന്നും.ജപ്പാന്റെ അധിനിവേശം. ആന്തമാന്‍ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങി.റോസ് ദ്വീപില്‍ അവശേഷിച്ച കച്ചവടക്കാരേയും സാധാരണക്കാരേയും ജപ്പാന്‍സൈന്യം ഇറക്കിവിട്ടു.അവരുടെ സൈന്യത്താവളമായി റോസ് ദ്വീപ്. ബങ്കറുകളും മറ്റു സൈനികകേന്ദ്രങ്ങളും പണിയാന്‍ ഇടിഞ്ഞുവീണും വീഴാതെയും നിന്ന തകര്‍ന്ന കെട്ടിടങ്ങളുടെ കതകുകളും കട്ടിളകളും പലകകളും അവരും ഊരിയെടുത്തുപയോഗിച്ചു.ഞാന്‍ ബങ്കറിനകത്തു കയറി.ചാഥം ദ്വീപില്‍ വെച്ചും മണ്ണിനടിയിലുളള ഒരു ബങ്കറിന്റെ ഇടുങ്ങിയ ഉള്‍വഴിയേ മൊബൈല്‍ഫോണിന്റെ വെളിച്ചത്തില്‍ കുറെ ദുരം പോയിരുന്നു.വൈപ്പാര്‍,ചാഥം, റോസ് ദ്വീപുകളില്‍ ഇത്തരം പട്ടാളപ്പൊത്തുകള്‍ വ്യാപകമാണ്. പലതും മണ്ണിടിഞ്ഞ് നാമാവിശേഷമായി.പുരാവസ്തുക്കള്‍ സംരക്ഷിക്കുന്നതില്‍ കാട്ടിയ അലംഭാവമോ ജപ്പാന്‍ ദ്വീപ് നിവാസികളോടു് കുറഞ്ഞ കാലത്തിനുളളില്‍ കാട്ടിക്കൂട്ടിയ കൊടും ക്രൂരതയോടുളള പ്രതികരണമോ അതുമല്ല ജപ്പാന്‍ കൊളളയടിച്ച സ്വത്തുക്കള്‍ ഈ ബങ്കറുകളിലെവിടയോ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്ന വിശ്വാസത്താല്‍ നിധിവേട്ടക്കാര്‍ നടത്തിയ തുരക്കലുകളോ പ്രകൃതിക്ഷോഭമോ എന്തായാലും പട്ടാളപ്പൊത്തുകളേറെയുമെങ്ങനെയോ നശിച്ചുപോയി.(നിധിയെക്കുറിച്ചറിയാവുന്നതിനാല്‍ ജപ്പാന്‍കാര്‍ ഒരു ദിവസത്തേക്കെങ്കിലും റോസ് ദ്വീപ് പാട്ടത്തിനു തരുമോ എന്നു ഭാരതസര്‍ക്കാരിനോട് അഭ്യര്ഥിച്ചതായി ഒരു കഥ പ്രചാരത്തിലുണ്ട്!)
1943 ഡിസംബര്‍ 29 ന് നേതാജി സുഭാഷ് ചന്ദ്രബോസ് റോസ് ദ്വീപില്‍ എത്തി.ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ യോഗത്തില്‍ പങ്കെടുക്കുകയും മുപ്പതാം തീയതി പോര്‍ട്ട് ബ്ലയിറിലെ മൈതാനത്ത് ത്രിവര്‍ണപതാക ഉയര്‍ത്തുകയും ചെയ്തു. ആദ്യമായി ഇന്ത്യാരാജ്യത്തില്‍ വിമോചിതപ്രദേശമായി പ്രഖ്യാപനം നടത്തി ഭരണമേറ്റെടുത്ത  ദേശമാണ് ആന്തമാന്‍...
1945 ല്‍ ജപ്പാന്‍ കീഴടങ്ങി.യൂണിയന്‍ ജാക്ക് റോസ് ദ്വീപില്‍ വീണ്ടും ഉയര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ സന്നദ്ധരായില്ല. അവര്‍ പോര്‍ട്ട് ബ്ലയര്‍ തലസ്ഥാനമാക്കി.
ഉപേക്ഷിക്കപ്പെട്ട ഭൂമിയിലെ വിലപിടിപ്പുളളതെല്ലാം തരം കിടിയപ്പോള്‍ പലരും കവര്‍ന്നെടുത്തു. അങ്ങനെ റോസ് ദ്വീപ് പ്രേതഭൂമിയായി മാറി. കടലില്‍ അനുദിനം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയാണ് റോസ് ദ്വീപെന്ന കിംവദന്തി അവിടേക്കുളള മനുഷ്യസാന്നിദ്ധ്യത്തെ വിലക്കി.
 
ഇതാ ഒരു കൃഷ്ണമൃഗം. വളരെ സ്നേഹത്തേടെ അതെന്റെ ചാരത്തു വന്നു ചേര്‍ന്നുനിന്നു.ഞാന്‍ ക്യാമറ ഫോക്കസ് ചെയ്തു. ക്ലോസപ്പാണ് മൂപ്പര്‍ക്കിഷ്ടം എന്നു തോന്നുന്നു. അതു തലനീട്ടിത്തന്നു.ആദ്യമായാണ് ഇത്രയും ഇണക്കമുളള മാനുകളെ കാണുന്നത്.ആശ്രമകന്യകയുടെ പ്രിയജീവി.പ്രണയസാക്ഷി.ശകുന്തള എവിടെ? ഞാന്‍ ചുറ്റും നോക്കി.തമിഴ്നാട്ടില്‍ നിന്നുളള കടും ചുവപ്പു ചേലയും വലിയപൊട്ടുമണിഞ്ഞ ഏതാനും സ്ത്രീകള്‍. അവരെ കണ്ട മാന്‍കിടാവ് അപ്രീതി പ്രകിടിപ്പിച്ചു.മാനുകള്‍ ഭയം എന്തെന്നറിയാതെ റോസ് ദ്വീപില്‍ കഴിയുന്നു.  
കലമാനുകള്‍ മാത്രമല്ല മയിലുകളും ധാരാളം.അവയും പേടിച്ചൊളിക്കുന്നില്ല. കടലിന്റെ രത്നവര്‍ണവും മയിലുകളുടെ ഇന്ദ്രനീലിമ ലയിച്ച മരതകപ്പച്ചയും തമ്മില്‍ വല്ലാത്ത സാമ്യം. മയിലുകള്‍ കടലിന്റെ പുത്രിമാരാണോ? അതിനാലാണോ മഴമേഘങ്ങളെ കാണുമ്പോള്‍ ആനന്ദനൃത്തമാടുന്നത്?

ഒരു തെങ്ങ് കടലിലേക്ക് തലനീട്ടി നിന്ന് കാറ്റു കൊളളുന്നു.അതിമനോഹരമായ കാഴ്ച. ഞാനങ്ങോട്ടു പോയി.
തെങ്ങുകള്‍ റോസ് ദ്വീപില്‍ വരത്തന്മാരാണെന്നു തോന്നുന്നു. അറുപതുകളില്‍ തെങ്ങിന്‍തൈ നഴ്സറികള്‍ ദ്വീപില്‍ സ്ഥാപിച്ചതായി ചരിത്രം പറയുന്നു. ധാരാളം തേങ്ങകള്‍ ഉണങ്ങിക്കൊഴിഞ്ഞ് കിടക്കുന്നു.
ഒരു ഫോട്ടോയ്ക് പോസ് ചെയ്യുമ്പോള്‍ സമയം പോകുന്നുവന്നോര്‍മ്മിപ്പിച്ച് സുഹൃത്തുക്കള്‍ ധൃതികൂട്ടി. വശ്യതയുളള പ്രകൃതി.ഇനിയും തീരത്തുകൂടി പോകണമെന്നുണ്ട്. പക്ഷേ ബോട്ട് മടങ്ങിപ്പോകും മുമ്പ് എല്ലാം കാണണം. ഫെറി ബിച്ച്. കുളം, സെമിത്തേരി, മ്യൂസിയം, ബേക്കറി... ഓരോന്നിനുമുണ്ട് അതിന്റേതായ ചരിത്രപ്രാധാന്യം

ഫെറി ബീച്ചിലെത്തി. നല്ല തൂവെളളമണല്‍.പഞ്ചാരത്തരികള്‍. മരങ്ങള്‍ വീണടിഞ്ഞ് കിടക്കുന്നു.സുനാമിത്തിരകള്‍ ആര്‍ത്തലച്ചു വന്നപ്പോള്‍ ഫെറിബിച്ചിന് നഷ്ടമേറെ സഹിക്കേണ്ടി വന്നു. എന്നാലെന്ത് പോര്‍ട് ബ്ലയറിനെ സംരക്ഷിക്കാനായല്ലോ. റോസ് ദ്വീപില്‍തട്ടി സുനാമി പ്രവാഹം ശക്തി കുറഞ്ഞ് രണ്ടായി പിരിഞ്ഞതിനാലാണ് നേരിട്ടുളള ആഘാത മേല്‍ക്കാതെ പോര്‍ട്ട് ബ്ലയര്‍ രക്ഷപെട്ടത്.  
കടലിലേക്കറങ്ങരുതെന്ന മുന്നറിയിപ്പു ബോര്‍ഡ്
 വിലക്കുകളെ ലംഘിച്ച് കടലിലേക്കിറങ്ങി രക്ഷപെട്ട തടവുകാരും രക്ഷപെടാന്‍ ശ്രമിച്ചവരും ഏറെയുണ്ട്.
റോസ് ദ്വിപിന് ഒത്തിരിക്കഥകള്‍ പറയാനുണ്ട്.
നിരഞ്ജന്‍ സിംഹ് എന്ന നാല്പത്താറാം നമ്പര്‍ തടവുകാരന്‍ ആത്മത്യാഗം ചെയ്തത് ഈ ദ്വീപില്‍ വെച്ചാണ്.ഇതേ പോലെ വീരേതിഹാസങ്ങള്‍ ഇനിയുമുണ്ട്. 
ബോട്ടിന്റെ അലാറം മുഴങ്ങി. പോകാനുളള സമയമായിരിക്കുന്നു. ഫോണില്‍ മിസ്ഡ് കോളും മെസേജും.. ഞാന്‍ ഒറ്റതിരിഞ്ഞ് കാഴ്ചകള്‍ കണ്ടു നടന്നപ്പോള്‍ കൂട്ടാളികള്‍ അനുസരണയുളള സഞ്ചാരികളായി നേരത്തേ ജട്ടിയിലെത്തിയിരിക്കുന്നു. എനിക്കുവേണ്ടി ബോട്ട് അക്ഷമ പ്രകടിപ്പിക്കുന്നു.ഞാന്‍ ബാക്കി കാഴ്ചകള്‍ മനസില്ലാ മനസോടെ ഉപേക്ഷിച്ച് അതിവേഗം ബോട്ടിനെ ലക്ഷ്യമാക്കി കുന്നിറങ്ങി.മനസ് പിന്നിലേക്കും ശരീരം മുന്നോട്ടും സഞ്ചരിക്കാന്‍ സമ്മര്‍ദ്ദത്തിലായി.
ബോട്ടില്‍ കയറി.സംരക്ഷണക്കുപ്പായം ഇട്ടു.
ഇനി ഒരിക്കല്‍ കൂടി വരണം .എല്ലാം വിസ്തരിച്ച് കാണണം എന്നു മനസില്‍ കുറിച്ചു. ആഗ്രഹനഷ്ടങ്ങളെ ആഗ്രഹങ്ങള്‍കൊണ്ടു നികത്തുന്ന മനസിന്റെ സാമര്‍ഥ്യം അപാരം തന്നെ.
സഞ്ചാരിക്കൂട്ടങ്ങളേയും വഹിച്ച് ബോട്ടുകള്‍ എതിരേ കടന്നു പോയി.
പോര്‍ട്ട് ബ്ലയറിനും റോസ് ദ്വീപിനും മധ്യത്തെത്തിയപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി റോസ് ദ്വീപിനെ നോക്കി. എന്നിട്ട് പോര്‍ട്ട് ബ്ലയിറിനേയും.അവിടെ അബര്‍ദീന്‍ മഹാസമരത്തിന്റെ സ്മാരകം തല ഉയര്‍ത്തി നില്‍ക്കുന്നു. 
റോസ്ദ്വീപിനും പോര്‍ട്ട്ബ്ളയറിനും ഒരു കറുത്തകഥയും പറയാനുണ്ട്. ശിപയി ലഹളയെന്നു ബ്രിട്ടീഷധികാരികള്‍ വിളിക്കുന്ന ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ബംഗാള്‍ പതിനാലാം നമ്പര്‍ റജിമെന്റിലെ പഞ്ചാബുകാരനായ ദുധ് നാഥ് തിവാരിയുടെ ചതിയുടെ കഥയാണത് .റോസ് ദ്വിപില്‍ തടവനുഭവിച്ച അയാള്‍ തൊണ്ണൂറുപേരോടൊത്ത് ബര്‍മയിലേക്ക് കടല്‍ മാര്‍ഗം രക്ഷപെടാന്‍ ശ്രമിച്ചു(1858). ഇരുനൂറ്റി എണ്‍പത്താറാം നമ്പര്‍ തടവുപുളളിയായ ദുധ്നാഥ് തിവാരി ആഗ്രഹിച്ചപോലെ കാര്യങ്ങള്‍ നന്നില്ല. അനന്തമായ കടലില്‍ അവര്‍ നീന്തിനീന്തിത്തളര്‍ന്നു. വിശപ്പും ദാഹവും തളര്‍ച്ചയും. കരയിലെത്തിയാലോ ആദിവാസികളുടെ വക ആക്രമണം.അപരിചിതരെ പുറം നാടരെ കാടിന്റെ മക്കള്‍ സംശയത്തോടെയും പകയോടെയും സമീപിച്ചു. കടലും കരയും കൈവിട്ട നിമിഷങ്ങള്‍. കരയില്‍വെച്ച് ആദിവാസികളുടെ(ഗ്രേറ്റ് ആന്‍ഡമാനീസ്) വിഷമുനയുളള അമ്പ് തിവാരിയുടെ മേല്‍ പതിച്ചു.പല്ലിവാല്‍ പോലെ അയാള്‍ വീണു പിടഞ്ഞു. എന്തോ,ദയനീയമായ ആ മരണവെപ്രാളം കണ്ട ആദിവാസികള്‍ക്കപ്പോള്‍ അനുകമ്പ തോന്നി.അനുകമ്പ എന്ന വികാരം അത്യാപത്താകുമെന്നവര്‍ക്കറിയില്ലായിരുന്നു.അന്നവര്‍ അയാളെ
പരിചരിച്ച് ജീവിതത്തിലേക്കു തിരിച്ചെടുത്തു. തിവാരി അവരില്‍ ഓരാളായി. ഗോത്രപ്പെണ്‍കുട്ടികളായ ലീപയേയും ജിഗാഹിനേയും വിവാഹം ചെയ്തു. ലീപ അയാളുടെ കുഞ്ഞിന്റെ അമ്മയായി.അയാള്‍ അവരുടെ ഭാഷ പഠിച്ചു.അവരോടൊത്തു നായാടി.മീന്‍പിടിച്ചു.കനികള്‍ ശേഖരിച്ചു .കാടിന്റെ മര്‍മങ്ങള്‍ അറിഞ്ഞു.അങ്ങനെ ഒരു വര്‍ഷവും ഇരുപത്തിനാലു ദിവസവും കഴിഞ്ഞു.1859 മെയ് 17-അന്ന് ഗ്രേറ്റ് ആന്‍ഡമാനീസുകള്‍ തങ്ങളുടെ ദ്വീപുകളില്‍ അധിനിവേശം നടത്തുന്ന ബ്രിട്ടനെതിരേ സായുധാക്രമണം നടത്താന്‍ തീരുമാനിച്ചു. അവര്‍ സംഘടിച്ചു.നൂറുകണക്കിനാളുകള്‍ നിശായുദ്ധത്തിന് തയ്യാറെടുത്തു. ദുധ് നാഥ് ഐതിഹാസികമായ ഈ ആക്രമണത്തില്‍ ഒറ്റുകാരനായി .അയാള്‍ മുന്‍കൂട്ടി വിവരം ബ്രിട്ടീഷ് അധികാരികള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. അവരുടെ സേവപിടിച്ച് നാട്ടിലെത്തുക എന്ന ലക്ഷ്യത്തോടെ തദ്ദേശീയരുടെ സ്വാതന്ത്ര്യസമരത്തെ വെടിയുണ്ടകളില്‍ തോല്പിച്ചു.അബര്‍ദീന്‍ യുദ്ധം ആദിവാസികള്‍ക്ക് കനത്ത ആള്‍നാശം വരുത്തുക മാത്രമല്ല ചെയ്തത്.അവരുടെ വംശത്തിനു മേലുളള ബ്രീട്ടീഷുകാരുടെ പലവിധ അതിക്രമങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്തു. റോസ് ദ്വീപിലേക്ക് ബോട്ടില്‍ കയറുമ്പോള്‍ നിങ്ങള്‍ക്ക് അബര്‍ദീന്‍ മഹാസമരത്തിന്റെ സ്മാരകം കാണാം.

ഗ്രേറ്റ് ആന്‍ഡമാനീസിനെക്കുറിച്ച് പറയാതിരിക്കാനാകുന്നില്ല.ഒരു കാലത്ത് പതിനായിരത്തോളം ജനസംഖ്യയുണ്ടായിരുന്ന ഗ്രേറ്റ് ആന്‍ഡമാനീസ് വംശഹത്യയുടെ നാളുകളിലൂടെയാണ് കടന്നുപോയത് .അവര്‍ ബ്രിട്ടീഷുകാരെ വിളിച്ചത് ലാവോ (Lao) എന്നാണ്. ആ പദത്തിന്റെ അര്‍ഥം 'നിറമില്ലാ പിശാച്.' അബര്‍ദീന്‍ മഹാസമരത്തില്‍ പങ്കെടുത്തതിന് നാടുകടത്തലും കൊടും പീഡനവും കൊല്ലാക്കൊലയും ശിക്ഷയായി കിട്ടി. പിന്നീട് ബ്രിട്ടണ്‍ അടവുമാറ്റി. സൗഹൃദം സ്ഥാപിക്കാന്‍ തയ്യാറായി.സഹകരിച്ചു നിരായുധരാക്കല്‍/സംഹരിക്കല്‍ യുദ്ധത്തിന്റെ രൂപം തന്നെയാണല്ലോ. അങ്ങനെ അവരുമായി തുറന്നിടപെട്ടു. മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് മദ്യവും മയക്കുമരുന്നും. കരിഞ്ചൂരല്‍ക്കരുത്തളള ആദിവാസിപ്പെണ്ണുങ്ങളുടെ ഉടലുകളടെ ഉശിരു തേടിയ വെളളക്കാര്‍ അവരുടെ അരക്കെട്ടില്‍ ഉഷ്ണപ്പുണ്ണു വിതച്ചു ജീവിതക്രമം ആകെ മാറിമറിഞ്ഞു. കാട് കറുപ്പു തിന്നും മരിജുവാന കഴിച്ചും മയങ്ങി നിന്നു.ചെറിയ ചെറിയ പ്രലോഭനങ്ങളും സന്തോഷിപ്പിക്കലും..പരിഷ്കൃതരുടെ ഭക്ഷണശീലങ്ങള്‍ അവര്‍ക്ക് അതിസാരവും അസാധാരണരോഗങ്ങളും നല്‍കി.ലൈംഗികരോഗങ്ങള്‍ ,പകര്‍ച്ച വ്യാധികള്‍..അതുവരെ ഗ്രേറ്റ് ആന്ഡമാനീസിന് പരിചിതമല്ലാത്ത പലവിധ രോഗങ്ങള്‍.അവരുടെ പച്ചമരുന്നുകളും പ്രാര്‍ഥനകളുമെല്ലാം ഉന്നം തെറ്റി മടങ്ങി.ഫലം മരണം ഭ്രാന്തിളകിയ പരാക്രമിയായ ഭീകരമൃഗമായി അവരുടെ ജീവനെ കടിച്ചുകുടഞ്ഞു
1930 ആയപ്പോള്‍ ജനസംഖ്യ ഇരുപത്! ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം ജനസംഖ്യയില്‍ വര്‍ധനവുണ്ടായിട്ടുണ്ട് അമ്പതിനോടടുത്തു.(എങ്കിലും കലര്‍പ്പിന്റെ രക്തമാണ് ഇപ്പോഴുമെന്നു പറയപ്പെടുന്നു.അവരെ സംരക്ഷിക്കാന്‍ ഒരു ദ്വീപ് മാറ്റി വെച്ചിട്ടുണ്ട്- സ്ട്രെയിറ്റ് അയലന്റ്). 
ഒരു ജനതയുടെ മേല്‍ പരിഷ്കൃതരെന്ന അഭിമാനിക്കുന്ന വിഭാഗം നടത്തുന്ന സാംസ്കാരികാധിനിവേശം ,വികസനമേല്‍ക്കോയ്മ ,മുഖ്യധാര മാത്രമാണ് ശ്രേഷ്ഠമെന്ന അഹങ്കാരം ...അതിന്റെയെല്ലാം ഇരകളാണ് അസ്തമിക്കുന്ന ആദിവാസികള്‍
ഗ്രേറ്റ് ആന്‍ഡമാനീസിന്റെ ജീവിതം നല്‍കുന്ന തെളിവതാണ്.
(തുടരും)
അടുത്തത്:-അഗ്നിയില്ലാത്ത അഗ്നിപര്‍വതവും ചുണ്ണാമ്പുകല്ലു ഗുഹകളും
 ............................
ആന്തമാന്‍ യാത്രാനുഭവം ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക


4 comments:

  1. Iകണ്ട കാഴ്ചകള് മനോഹരം : അവതരണം ഹൃദ്യം ;

    കാത്തിരിക്കുന്നു " തണുത്ത അഗ്നിപര്വത" തതിനായി

    ReplyDelete
  2. ഗംഭീരം.....അതേ പറയാനുള്ളൂ

    ReplyDelete
  3. manoharam...!nalla kazhayanubhavam.....!

    ReplyDelete