വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Sunday, December 28, 2014

വണ്ടൂരിലെ സുനാമിത്തീരത്ത്.

അതാ,ഏതോ ഭീമാകാരമായ കടല്‍ജീവികളുടെ അസ്ഥികള്‍.
കുഴിമാടത്തില്‍ നിന്നും പ്രേതഭോജികളായ നായ്ക്കള്‍ മാന്തിയിളക്കിയിട്ടതിനാല്‍ അതിന്റെ മുളളും മുനയും ആകാശത്തിനു നേരേ ഉയര്‍ത്തി, വന്നു പെട്ടു പോയ കൊടിയ ദുരന്തത്തെ പഴിക്കുന്ന പോലെ വിശാലമായ തീരത്ത് എഴുന്നനാഥമായിക്കിടക്കുന്നു.
ആക്രമണ പ്രത്യാക്രമണങ്ങളുടെ പിരിമുറുക്കം അയഞ്ഞ് ജീവിതത്തെ കാലത്തില്‍ ലയിപ്പിച്ച് നിസംഗമായി.
ദൂരെ നിന്നുളള നോട്ടം അപരിചിതമായ രണ്ടു ഭാഷക്കാര്‍ പരിചയപ്പെടാന്‍ തുടങ്ങുന്ന നിമിഷം പോലെയായി. ഈ തീരഭാഷ എനിക്കന്യം.തീര്‍ത്തും വ്യത്യസ്തമായ കടല്‍ക്കാഴ്ച.ഇതാണ് ആന്തമാനിലെ വണ്ടൂര്‍ കടല്‍പ്പുറം.

Monday, March 31, 2014

അഗ്നിയില്ലാത്ത അഗ്നിപര്‍വതവും ചുണ്ണാമ്പുകല്ല് ഗുഹകളും

ഇന്ന് നരവംശശാസ്ത്രപരമായും ഭൂവിജ്ഞാനീയപരമായും പ്രാധാന്യമുളള സ്ഥലങ്ങളിലേക്കാണ് ഞങ്ങളുടെ പഠനയാത്ര. ആന്തമാനിലെ യഥാര്‍ഥ ജനതയുടെ ആവാസമേഖലയില്‍ കൂടിയാണ് സഞ്ചാരം. ശിലായുഗജീവിതം നയിക്കുന്നവര്‍.വേട്ടയാടി ജീവിക്കുന്നവര്‍. പ്രകൃതിയുടെ ഭാഗമായി കഴിയുന്നവര്‍.  യാത്രക്കിടയില്‍ ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ അവരെ കാണുവാന്‍ പറ്റും.കാടിനകത്തു നിന്നും അവര്‍ ഇറങ്ങി വരണം. ഉമിനീരു മുക്കിയ അവരുടെ അമ്പിനു കൊടും വിഷമാണത്രേ! അതുയോഗിച്ച് മനുഷ്യരെ കൊന്നു കളയും എന്നാണ് ഉദ്യോഗസ്ഥനായ മണികണ്ഠന്‍ പറയുന്നത്.ആരാണ് മനുഷ്യര്‍ ?ഉപ്പുകൂട്ടാത്തതിനാല്‍ അവരുടെ ഉമിനീരിനും വിഷം! അവരെ രാക്ഷസരായി മുദ്രകുത്തുന്നതിനായി ഇതൊക്കെ കെട്ടിച്ചമച്ചതാണെന്നു തോന്നി. ആന്ത്രോപ്പോളജി മ്യൂസിയത്തില്‍ നല്ല വിവരണമാണുളളത്. ആന്തമാനില്‍ കുടിയേറി പാര്‍ത്തവര്‍ക്കാണ് ഇകഴ്ത്തിപ്പറയാന്‍ വ്യഗ്രത എന്നു തോന്നുന്നു.
വനാതിര്‍ത്തിയില്‍  (ജിര്‍കാടാംഗില്‍ )വാഹനങ്ങള്‍ കാത്തു കിടക്കുന്നു. രാവിലെ ആറുമണിക്കു മുമ്പുളള ദൃശ്യം
"നാലുമണിക്കു ഞാന്‍ വരും എല്ലാവരും റെഡിയിയിരക്കണം. ആറുമണിക്കാണ് വണ്ടി കടത്തി വിടുക. പാസെടുക്കണം. കാട്ടില്‍ കൂടി കോണ്‍വോയ് ആയേ പോകാന്‍ പറ്റൂ.കടുത്ത നിയന്ത്രണമുണ്ട്.” എന്നൊക്കെ പറഞ്ഞ് മുരുകന്‍ ഇന്നലെ ഉറക്കത്തിനു പാരവെച്ചിട്ടാണ് പോയത്. മൂന്നു മണിക്ക് അലാറം വെച്ചു. ഒരു മണിയായപ്പോള്‍ ഉണര്‍ന്നു അലാറമടിക്കാന്‍ സമയമായോ എന്നു നോക്കി. ഇല്ല. വീണ്ടും ഉണര്‍ന്നപ്പോള്‍ രണ്ടുമണി! ചുരുക്കിപ്പറഞ്ഞാല്‍ മൂന്നുമണിവരെ ഉറക്കം മുറുകിയില്ല.
നാലുമണിക്ക് എല്ലാവരും റെഡിയായി. കുറെയേറെ സമയം കഴിഞ്ഞപ്പോള്‍ ഉലകം ചുറ്റി മുരുകന്‍ പ്രത്യക്ഷപ്പെട്ടു. എത്ര സുന്ദരമായി മനുഷ്യര്‍ക്കു ചിരിക്കാനാകുന്നു. മുരുകന്‍ എല്ലാവരേയും സ്വാഗതം ചെയ്തു. കാര്‍ നീങ്ങി.
ബാരാടാംഗ് ദ്വീപിലെ നിലമ്പൂര്‍ പഞ്ചായത്തിലേക്കാണ് പോകേണ്ടത് .അവിടെയാണ് ആന്തമാനിലെ പ്രസിദ്ധമായ ചുണ്ണാമ്പുകല്ലുഗുഹ. മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ നാടുകടത്തി ആന്തമാനിലിട്ടപ്പോര്‍ മലബാറുകാര്‍ സ്ഥലപ്പേരും നാടുകടത്തി. അങ്ങനെ നിലമ്പൂരും വണ്ടൂരുമെല്ലാം ആന്തമാനിലെ സ്ഥലങ്ങളുമായി.
നിലമ്പൂര്‍ ജട്ടിയില്‍ നല്ല തിരക്ക്. ഞങ്ങള്‍ വാഹനത്തില്‍ നിന്നിറങ്ങി. ദുരെ നിന്നും ജങ്കാര്‍ വരുന്നു. അതില്‍ വാഹനങ്ങളും ആളുകളും കയറി .നല്ല തിരക്ക്. അരമണിക്കൂര്‍ യാത്ര.ആന്തമാന്‍ കടലിടുക്കാണെന്നു തോന്നുന്നു. മീനുകള്‍ പുളച്ചു ചാടുന്നു. ഇരുകരകളിലും കണ്ടല്‍ക്കാടുകളുടെ ഒന്നാം നിര ജലക്കണ്ണാടിയില്‍ മുഖം നോക്കി നിന്നു. പിന്നില്‍ നിത്യഹരിത വനപ്പച്ചത്തട്ടുകള്‍. നീലാകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന വലിയ ശാഖാവൃക്ഷങ്ങളില്‍ ഹരിതതോരണം കെട്ടിയ വളളികള്‍. ക്യാമറ വിശ്രമിച്ചില്ല.

Tuesday, March 18, 2014

റോസ് ദ്വീപിലെ പ്രേത മന്ദിരങ്ങള്‍


പടര്‍ന്നിറങ്ങിയ അസംഖ്യം ഭീമാകാരങ്ങളായ വേരുകളുടെയിടയില്‍ ഞെരിഞ്ഞുശ്വാസം മുട്ടി നില്‍ക്കുന്ന കെട്ടിടാവിശിഷ്ടങ്ങള്‍.
ഭൂതപ്രേതാദികള്‍ക്ക് രാത്രികാലങ്ങളില്‍ പറന്നിറങ്ങാന്‍ പാകത്തില്‍ മേല്‍ക്കൂരകള്‍ ആകാശത്തേക്കു തുറന്നു കിടന്നു.
ഏതോ ഭീകരജീവികള്‍ ജനാലകളും വാതിലുകളും പറിച്ചു ദൂരെ എറിഞ്ഞ പോലെ .
പ്രേതമന്ദിരങ്ങളുടെ കവലയിലാണോ നാം എത്തപ്പെട്ടിരിക്കുന്നത്?

Saturday, March 15, 2014

ആന്തമാനും കാലാപാനിയും പിന്നെ...


അഞ്ചുമണിക്കും മുമ്പേ കിഴക്കു നിന്നും മായാജാലം ആരംഭിക്കുകയായിചെറുരാഗങ്ങളെ ദൃശ്യവത്കരിച്ച് തിരകള്‍. പ്രഭാതം സ്വര്‍ണവിരലുകള്‍ കൊണ്ട് ഒന്നു തലോടുന്നതേയുളളൂ സ്വര്‍ഗീയമായ ആലാപനം ജലോപരിതലത്തില്‍ പ്രതിഭയുടെ പ്രകാശമായി. പൈതല്‍ത്തിരകളും ഇളം തെന്നലും ബാലസൂര്യനും പ്രഭാതത്തെ നിര്‍വചിക്കുകയാണ്. പോര്‍ട്ട് ബ്ലയറിന്റെ തീരത്തുകൂടി പുലരിയില്‍ നടക്കണം. അഹംഭാവമില്ലാത്ത സമുദ്രരാഗങ്ങള്‍ കാണുവാന്‍ സാധിക്കും. മനസ് ശാന്തമാവും. അകലെ റോസ് ദ്വീപ് പതുക്കെ കറുത്ത നിശാവസ്ത്രം മാറ്റി പച്ചക്കുപ്പായമിടുന്നു. ഇന്നാരെക്കൊയോ വിരുന്നുവരുന്നുണ്ടല്ലോ.

നടത്തത്തിനിടയില്‍ പടവുകളിറങ്ങി.ഒരു കുമ്പിള്‍ കൈകളില്‍ കോരി.കടലിനോടു ചോദിച്ചു "നിനക്കെങ്ങനെ ഇത്രയും കയ്പു കുടിക്കാന്‍ കഴിഞ്ഞു"? ശാന്തമായ ഒരു തിര മെല്ലെ പറഞ്ഞു. "ചോരയും നിലവിളിയും വിയര്‍പ്പും വിരഹവും എഴുതിയ ഈ മണ്ണിലെ തടവുകാരുടെ ഹൃദയം കവിഞ്ഞൊഴുകി നിറഞ്ഞതാണ് . രാജ്യത്തിനു സ്വാതന്ത്ര്യം മോഹിച്ച തടവടിമികളുടെ സങ്കടങ്ങള്‍ ഇരുകൈയും നീട്ടി വാങ്ങി അവരെ ആശ്വസിപ്പിക്കാന്‍ അന്ന് ഞാനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല."