വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Friday, April 20, 2012

അമൃത സരസ്സില്‍ പരിശുദ്ധ ലാളിത്യം -2

കാശ്മീരിലേക്ക് വീണ്ടും -യാത്രയുടെ രണ്ടാം ദിനം 2 
രാവിലെ ഉണര്‍ന്നത് അമൃത സരസ്സില്‍ . ലോഡ്ജിന്റെ മട്ടുപ്പാവില്‍ കയറി നോക്കി . അടുത്ത് സുവര്‍ണ താഴികക്കുടം.!
സുവര്‍ണ ക്ഷേത്രം .അതിന്റെ പരിശുദ്ധ ലാളിത്യം .ലോകത്തുള്ള എല്ലാ വിശ്വാസികളെയും അത് സുമനസാലെ സ്വീകരിച്ചു. 'അഹിന്ദുക്കള്‍ക്ക്‌   പ്രവേശനമില്ല ' എന്ന് കേരളത്തില്‍ മാത്രം കണ്ടു ശീലിച്ച ബോര്‍ഡിന്റെ പരിഹാസ്യതയെ ഓര്‍മിപ്പിച്ചു കൊണ്ട് സിഖ് ഗുരുദ്വാര സ്വാഗതം ചെയ്തു.
ക്ഷേത്രത്തില്‍ കയറണമെങ്കില്‍ ചെറിയ ചില നടപടികള്‍ ഉണ്ട്. ശിരോ വസ്ത്രം   അണിയണം. ആണായാലും പെണ്ണായാലും നിര്‍ബന്ധം. ഒരു തൂവാല തലയില്‍ കെട്ടിയാലും മതി. തലയില്‍ നിന്നും സാരി ഉതിര്‍ന്നു പോയ ഒരു സഹോദരിയുടെ ശിരസ്സിലേക്ക് അത് വലിച്ചിടുന്നതിനു നിര്‍ദേശിക്കുന്ന ഒരു സന്നദ്ധ പ്രവര്‍ത്തകനെ കണ്ടു.
കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും ഇരുപതു രൂപ. ക്ഷേത്രത്തിന്റെ മുന്‍പില്‍ സൌജന്യമായും ലഭിക്കും. ഒരണ്ണം വാങ്ങി .മഞ്ഞയും  വെള്ളയും ചോപ്പും ഒക്കെ കിട്ടും. എന്റെ കുപ്പായത്തിഒനു മാച് ചെയ്യുന്ന ഒന്നാണ് കടക്കാരന്‍ എടുത്തത്. അയാള്‍ അത് ‍ തലയില്‍ കെട്ടിത്തന്നു  .
ഇനി പാദുകങ്ങള്‍ .
അതിനു പ്രവേ‍ശനം ഇല്ല.  നഗ്നപാദര്‍ .നിലം തൊട്ടു നില്‍ക്കണം . ഇടനിലയില്ലാതെ. എല്ലാം കച്ചവട സാധ്യതയായി കാണുന്ന നമ്മുടെ അമ്പലങ്ങള്‍ .ചെരുപ്പ് സൂക്ഷിക്കാന്‍ കരാര്‍ കൊടുക്കും. ഇവിടെ ഒരു നയാ പൈസയും കൊടുക്കേണ്ട സിഖ് സഹോദരങ്ങളുടെ സന്നദ്ധ പ്രവര്‍ത്തനം.അവര്‍ നമ്മുടെ ചെളി പിടിച്ച ചെരുപ്പുകള്‍ മാറോട്‌ ചേര്‍ത്തും കൊണ്ട് പോകുമ്പോള്‍ എളിമയുടെ ഒരു സന്ദേശം നല്‍കുന്നുണ്ട്. നിസ്വാര്‍ത്ഥമായ ഒരു മനസ്സിന് ഉടമയാകൂ.. ചെരുപ്പ്പുകള്‍ അറകളില്‍ ഒരു നമ്പറിന്റെ പിന്‍ബലത്തില്‍ എന്നെ കാത്തിരുന്നു.
അതാ പാതയില്‍ ജല പ്രവാഹം. അതില്‍ കാല്‍ മുക്കിയെ പോകാന്‍ ആക്കൂ. പാദത്തിലെ മാലിന്യങ്ങള്‍ ഈ ജലത്തില്‍ കൂടി നടക്കുമ്പോള്‍ തനിയെ പൊയ്ക്കോളും. നിര്‍മലമാവുക പാദങ്ങളെ.. മാര്‍ബിള്‍ തണുപ്പിലേക്ക് കാല്‍വെള്ള അമര്‍ന്നപ്പോള്‍ കുളിരിട്ടു .
അടുത്ത് ഒരു ക്യൂ
തിരക്കിയപ്പോള്‍ ഭക്ഷനത്തിനുള്ളതാണ്
യാത്ര തിരിക്കുമ്പോള്‍ തീരുമാനിച്ചിരുന്നു ചെല്ലുന്ന നാട്ടിലെ ആഹാരം .അത് നിഷേധിക്കരുത്. രുചിഭേദങ്ങളുടെ അറിവുകളിലെക്കും യാത്ര ചെയ്യണം.
ഭക്ഷണ ശാലയിലക്ക്  നടന്നു. ഒരാള്‍ ഒരു സ്റ്റീല്‍ പ്ലേറ്റ് തന്നു മറ്റൊരാള്‍ ഒരു കുഴിയന്‍ പാത്രവും. ഒരു സ്ത്രീ സ്പൂണും തന്നു.
ഊട്ടുപുരയില്‍ നീണ്ട നിരകള്‍ .താഴെ നിറഞ്ഞപ്പോള്‍ ഞങ്ങളെ മുകള്‍ നിലയിലേക്ക് ആനയിച്ചു.
തറയില്‍  വിരിയുണ്ട് . അതില്‍ ഇരിക്കണം .
നീണ്ട കുപ്പായമിട്ട സിഖ് സന്നദ്ധ സേവകര്‍ റൊട്ടിയുമായി വന്നു. ഇരു കയ്യും നീട്ടി വാങ്ങണം. അവര്‍ ഇട്ടു തരും. ഒരു കൈ നീട്ടി വാങ്ങാന്‍ തുനിഞ്ഞവരെ നിരുത്സാഹപ്പെടുത്തുന്നുണ്ടായിരുന്നു. അതെ, ഭക്ഷണം അത് ഭവ്യതയോടെ സ്വീകരിക്കണം. പുണ്യം ചെയ്ത മനസ്സുകളുടെ വിനയ സാന്നിധ്യമാകണം. തവിട്ടു നിറമുള്ള കറി നീണ്ട കോരികയില്‍ നിന്നും പകര്‍ന്നു . വെള്ളം. മതി വരുവോളം ഭക്ഷണം തരും.നല്ല രുചി. ചില പാവങ്ങള്‍ അവ പ്രത്യേക പാത്രത്തിലേക്ക് മാറ്റുന്നത് കണ്ടു. ഇവിടെ ഇപ്പോഴും ആഹാരം കിട്ടുമല്ലോ.പിന്നീന്തിനാണ് അവര്‍ അങ്ങനെ ചെയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഒരു പക്ഷെ നാട്ടുകാര്‍ ആയിരിക്കും വീട്ടിലേക്കു..?
ഒരു ഓറഞ്ചും കിട്ടി. ഇനി പാത്രം കഴുകണം.  അതിനു വേറെ ചുമതലക്കാര്‍ . നമ്മുടെ കയ്യില്‍ നിന്നും എചില്പാത്രം വാങ്ങി ഇനം തിരിച്ചു ശട് ശടെന്നു വലിയ കൊട്ടകളിലേക്ക് എറിയുകയാണ്. നിരന്തരം സ്റ്റീല്‍ പാത്രങ്ങള്‍ വന്നു വീഴുന്നതിന്റെ താളം .രാവിലെ കേട്ട വാദ്യ മേളം ഇതായിരുന്നു .പാത്രങ്ങള്‍ കഴുകി വേഗം  ചക്രവണ്ട്യില്‍ എത്തും . പത്രങ്ങള്‍ റെഡി ആയി ഇരിക്കുന്നത് കണ്ടാല്‍ അറിയാം ഇന്നത്തെ തിരാക്കിന്റെ ഏകദേശ ചിത്രം. ഇനിയും ഇത് പോലെ വന്നു കൊണ്ടിരിക്കും പാത്രങ്ങള്‍ .ആയിരക്കണക്കിനു ആളുകള്‍ ആണ് ഭോജന ശാലയില്‍ ഇപ്പോഴും എപ്പോഴും വരുന്നത്. അതിനു ഇടവേളകള്‍ ഇല്ല. എത്തുന്ന എല്ലാവര്ക്കും ഭക്ഷണം. പത്തോ ഇരുപതിനായിരമോ ആളുകളെ ദിവസവും പോറ്റുക. അവിശ്രമം ജോലിയില്‍ വ്യാപൃതര്‍ . വരുന്നവരില്‍ ചിലര്‍ കറിക്കരിയാനും  ഉള്ളി ഒരുക്കാനും മറ്റുമായി ഒരിടത്ത് .
ക്ഷേത്രാങ്കനത്തിലേക്ക് നടക്കാം .അടുത്ത് വിശാലമായ ജലാശയം. 
അവിടെ മാര്‍ബിള്‍ തറ തുടയ്ക്കുന്ന സ്നേഹിതരെ കണ്ടു. എപ്പോഴും   വൃത്തി. അതില്‍ കാണിക്കുന്ന ജാഗ്രത ആരോഗ്യപരം. ഒപ്പം മറ്റൊരു കാര്യം കൂടി ഉണ്ട്.മാര്ബിലാണ് തെന്നി വീണാല്‍ .. 
 വളരെ സാവധാനമാണ്‌ ഞാന്‍ നടന്നത്.ഓരോ ഇഞ്ചും അറിഞ്ഞു കാണും എന്റെ സാന്നിധ്യം. ജലാശയത്തിനു നടവില്‍ ഒരു ക്ഷേത്രം. ക്ഷേത്രത്തിന്റെ പൊന്‍ തിളക്കം ജലാശയത്തില്‍  തെളിഞ്ഞു നിന്ന്. ഇരട്ട ക്ഷേത്രം പോലെ .ഓളങ്ങള്‍ ഇല്ല. മൃദു മാരുത വിരലുകളില്‍  ജലോപരിതലം രോമാഞ്ചമണിയുന്നതൊഴികെ  .കഴിഞ്ഞ തവണ വന്നപ്പോള്‍ രാവിന്റെ പട്ടില്‍ സ്വര്‍ണ പ്രഭ ചൊരിഞ്ഞു നില്‍ക്കുകയായിരുന്നു സുവര്‍ണ ക്ഷേത്രം. എല്ലാ വെളിച്ചങ്ങളും സ്വര്‍ണ മന്ദിരത്തില്‍ തട്ടി ജലാശയത്തില്‍ നൂറായിരമായി   പ്രതിഫലിച്ചു ..ഓര്‍മയില്‍ അതിപ്പോഴും തിളങ്ങുന്നു.
 ദാ നോക്കൂ .. (പനോരമ ചിത്രമാണ് ചുവട്ടിലുള്ള ബാര്‍ ചലിപ്പിച്ചു വലതു വശത്തേക്ക് കൂടി നോക്കുക.)

ചിലര്‍ മാര്‍ബിള്‍ തറയില്‍ മുത്തമിടുന്നത് കണ്ടു. സാഷ്ടാംഗ  പ്രണാമം കൊണ്ട് മനസ്സും ശരീരവും സമര്‍പ്പിക്കുന്നവര്‍ .മാര്‍ബിളില്‍ തൊട്ടു വന്ദിക്കുന്നവര്‍ ..പ്രാര്‍ഥനാ സംഘങ്ങള്‍ .. ജലാശയത്തില്‍ മീനുകള്‍ .അവ കൂട്ടമായി വന്നു സല്ലപിച്ചു. കൈകള്‍ നീട്ടുമ്പോള്‍ സ്നേഹവായ്പോടെ കയറി വരാന്‍ ഒരു മടിയുമില്ല. ഭീതി ഒഴിഞ്ഞ അല്ലെങ്കില്‍ അറിയാത്ത മത്സ്യ മാനസം. ഞാന്‍ ഓര്‍ത്തു പേടി എന്നത് നാം ഉണ്ടാക്കുന്നതാണ്. ഈ മത്സ്യങ്ങള്‍ സ്നേഹം പഠിച്ചിരിക്കുന്നു. അവ മാംസരുചിയുടെ കാഴ്ചയില്‍ നിന്നും മാറിയുള്ള നോട്ടങ്ങള്‍ ഇഷ്ടപ്പെടുന്നു. സുവര്‍ണ ക്ഷേത്രത്തിലെ സുവര്‍ണ മത്സ്യങ്ങള്‍ സ്നേഹമാണ് മതം എന്ന് ഉരുവിട്ടു.
ഗുരുദ്വാര മഹാവിനയത്ത്തിന്റെ ദേവാലയം. ലാളിത്യത്തിന്റെ കേന്ദ്രം. ആരും ആരെയും നിയന്ത്രിക്കുന്നില്ല. ആളുകള്‍ കൂടുന്ന സ്ഥലത്ത് രൂപപ്പെടേണ്ട  സ്വയം അച്ചടക്കം .ഒരേ മതക്കാരല്ല .വിവിധ നാട്ടുകാര്‍ വിവിധ വിശ്വാസക്കാര്‍ .എല്ലാവരും സിഖ് വിശ്വാസികളോട് ബഹുമാനം കാട്ടി .അവരുടെ ആചാരങ്ങളെ നോവിച്ചില്ല എന്ന് മാത്രമല്ല അത് അനുസരിക്കാന്‍ പാലിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. (നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളില്‍ പോലീസ് ഇല്ലെങ്കില്‍ വാലണ്ടിയെഴ്സിന്റെ നിയന്ത്രണം ഇല്ലെങ്കില്‍ ദൈവം പോലും ) പത്ത് രൂപ ദ്ച്ചപ്പോള്‍ ഒരു നിവേദ്യം കിട്ടി.അതുമായി വേണം ക്ഷേത്രത്തിലേക്ക് പോകാന്‍ (നിര്‍ബന്ധമില്ല ) നാല് വരിയില്‍ ആളുകള്‍ നിന്നു. എന്റെ കയ്യില്‍ നിന്നും നിവേദ്യം വാങ്ങി പകുതി ഒരു പാത്രത്തിലേക്ക് സ്വീകരിച്ചു ബാക്കി മടക്കിത്തന്നു. നെറ്റിയില്‍ തിലകവും ചാര്‍ത്തി. ഉള്ളില്‍ പ്രാര്‍ത്ഥന. വിശുദ്ധ ഗ്രന്ഥം മധ്യത്തു. ചിത്രപ്[പണികള്‍ ചെയ്ത വിശിഷ്ട തരം മഞ്ഞപ്പട്ടില്‍  പാവനതയോടെ വെച്ചിരിക്കുന്നു. സിഖ് പുരോഹിതര്‍ അത് പാരായണം ചെയ്യുകയും മറ്റുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്യുന്നു.പല നിറത്തിലുള്ള തലപ്പാവുകള്‍ . പരിമളം നിറഞ്ഞ അന്തരീക്ഷം. ആത്മീയതയുടെ ശാന്തത എന്ന് പറയാമോ  ?   ഉള്ളില്‍ ഫോട്ടോ എടുക്കാന്‍ അനുവാദം ഇല്ല. ഇക്കാലത്ത് ക്യാമറയുടെ കണ്ണുകള്‍ കുശലം ഉള്ളതാണ്. വേണമെങ്കില്‍ എടുക്കാം .വേണ്ട എന്ന് മനസ്സ് പറഞ്ഞു. 




രക്തം വീണുറഞ്ഞ മണ്ണിലേക്ക് കാല്‍ വെക്കുമ്പോള്‍ എവിടെ നിന്നോ ഹൃദയത്തിലേക്ക് ഒരു പ്രവാഹം .നാടിന്റെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാന്‍ വേണ്ടി ഒരു ജനത .....ജാലിയന്‍ വാല ബാഗ്. അപൂര്‍ണതയുടെ എന്തോ ഒരു വികാരവുമായി ഒരു വെള്ളക്കാരനെ ഉന്നം വച്ച് നടന്ന ഒരു രാജ്യ സ്നേഹി പൂര്‍ണ വിരാമം ഇട്ടു കൊടുത്തു
ഓര്ത്തെടുക്കേണ്ട ഓര്‍മയില്‍ തിളച്ചു വരും ചരിത്രം. എന്നോടൊപ്പം വരൂ കനത്ത മനോഭാരത്തോടെ ..


രക്തസാക്ഷികളുടെ ജീവന്‍ പകര്‍ന്ന ഈ അഗ്നിജ്വാലകളില്‍ നാം മനസ്സ് കൊടുക്കുക. ഇത് പോലെ നിങ്ങളുടെ ഉള്ളിലും ഇല്ലേ അണയാത്ത അഗ്നി എന്ന് അത് ചോദിക്കുകയാണ്. ഞാന്‍ പറഞ്ഞു അതെ എന്റെ ഉള്ളിലെ അഗ്നിയല്ലേ ഇവിടെ പ്രതിഫലിക്കുന്നത് ?

വെള്ളക്കാരന്റെ വെടി ഉണ്ടകള്‍ തുളഞ്ഞ ചുമരുകള് ‍. ഇതുപോലെ അനവധി പേരുടെ ഹൃദയപേശികളെ തുളച്ചു കയറിയ അധിനിവേശം ..
ഈ ഇഷ്ടികകളില്‍ ചോരയുടെ ഗന്ധം ഇപ്പോഴും. നിലവിളിക്കുന്ന ചുമരുകള്‍ .ചുറ്റും ഇതുപോലെ തുള വീണ ചുമരുകളില്‍ പ്രതികാരത്തിന്റെ പോരാട്ടത്തിന്റെ കൊടുങ്കാറ്റു വിത്ത് സൂക്ഷിച്ചു വെച്ചത് ഞാന്‍ കണ്ടറിഞ്ഞു. അതെ എനിക്ക് ഈ മണ്ണില്‍ നില്‍ക്കുമ്പോള്‍ ഒരു അഹിംസാ വാദി ആകാനാകില്ല.
പാഞ്ഞു വരുന്ന വെടി ഉണ്ടകള്‍ .അപ്പോള്‍ ജീവിതം അതിന്റെ അവസാന പിടിവള്ളിയും അന്വേഷിക്കും. മൈതാനത്തെ  ദാഹജലം നല്‍കുന്ന കിണര്‍ .അതിന്റെ ആഴങ്ങളിലേക്ക് നൂറു കണക്കിന് ആളുകള്‍ എടുത്തു ചാടി. വെടി മുതുകില്‍ എട്ടവരും എല്ക്കാത്തവരും.ഒന്നിന് മീതെഒന്നായി സ്ഫടിക ജലത്തിന്റെ വാതില്‍ തള്ളിത്തുറന്നു അകത്തൊളിക്കാന്‍ . ഭയവും അഭയവും കൂട്ടിമുട്ടുന്ന ഒരു നിമിഷം .കൈകാലുകളുടെ പിടച്ചില്‍ .കുമിളകള്‍ പോലെ പൊട്ടി അമരുന്ന ജന്മങ്ങളുടെ മേലേക്ക് വീണ്ടു ആരൊക്കെയോ വീഴുന്നുണ്ടാകണം. ഓര്‍ക്കുമ്പോള്‍ മുന്‍പില്‍ എന്ന പോലെ കാഴ്ച. രക്തസാക്ഷികളുടെ ഈ കിണര്‍ എന്റെ ചരിത്ര പാഠത്തില്‍ നിന്നും ഇത്രകാലം മറച്ചു വെച്ചത് ആരാണ് ?

രക്തസാക്ഷി സ്മാരകം ...ഒരു കാറ്റ് ഇളം വെയിലില്‍ സാന്ദ്രമായി . ഇലകള്‍ അല്‍പനേരം മൌനമായി
തിരിഞ്ഞു നോക്കി
അതെ ജാലിയന്‍ വാലാ ബാഗിലെ ആ ഇടനാഴി ...
അതെ അത് ഇതാണ്.



(തുടരും) 

2 comments:

  1. യാത്രകൾ തുടരട്ടെ....

    ReplyDelete
  2. നിലവിളിക്കുന്ന ചുമരുകൾ കാണുമ്പോൾ അഹിംസാവാദി ആകാനൊക്കില്ല.ആർടിക്കിൾ 370 ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്ന ദിവസമല്ലേ ഇന്ന്. കാശ്മീർ യാത്ര വായിച്ചു.

    ReplyDelete