വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Friday, April 20, 2012

അമൃത സരസ്സില്‍ പരിശുദ്ധ ലാളിത്യം -2

കാശ്മീരിലേക്ക് വീണ്ടും -യാത്രയുടെ രണ്ടാം ദിനം 2 
രാവിലെ ഉണര്‍ന്നത് അമൃത സരസ്സില്‍ . ലോഡ്ജിന്റെ മട്ടുപ്പാവില്‍ കയറി നോക്കി . അടുത്ത് സുവര്‍ണ താഴികക്കുടം.!
സുവര്‍ണ ക്ഷേത്രം .അതിന്റെ പരിശുദ്ധ ലാളിത്യം .ലോകത്തുള്ള എല്ലാ വിശ്വാസികളെയും അത് സുമനസാലെ സ്വീകരിച്ചു. 'അഹിന്ദുക്കള്‍ക്ക്‌   പ്രവേശനമില്ല ' എന്ന് കേരളത്തില്‍ മാത്രം കണ്ടു ശീലിച്ച ബോര്‍ഡിന്റെ പരിഹാസ്യതയെ ഓര്‍മിപ്പിച്ചു കൊണ്ട് സിഖ് ഗുരുദ്വാര സ്വാഗതം ചെയ്തു.
ക്ഷേത്രത്തില്‍ കയറണമെങ്കില്‍ ചെറിയ ചില നടപടികള്‍ ഉണ്ട്. ശിരോ വസ്ത്രം   അണിയണം. ആണായാലും പെണ്ണായാലും നിര്‍ബന്ധം. ഒരു തൂവാല തലയില്‍ കെട്ടിയാലും മതി. തലയില്‍ നിന്നും സാരി ഉതിര്‍ന്നു പോയ ഒരു സഹോദരിയുടെ ശിരസ്സിലേക്ക് അത് വലിച്ചിടുന്നതിനു നിര്‍ദേശിക്കുന്ന ഒരു സന്നദ്ധ പ്രവര്‍ത്തകനെ കണ്ടു.
കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും ഇരുപതു രൂപ. ക്ഷേത്രത്തിന്റെ മുന്‍പില്‍ സൌജന്യമായും ലഭിക്കും. ഒരണ്ണം വാങ്ങി .മഞ്ഞയും  വെള്ളയും ചോപ്പും ഒക്കെ കിട്ടും. എന്റെ കുപ്പായത്തിഒനു മാച് ചെയ്യുന്ന ഒന്നാണ് കടക്കാരന്‍ എടുത്തത്. അയാള്‍ അത് ‍ തലയില്‍ കെട്ടിത്തന്നു  .
ഇനി പാദുകങ്ങള്‍ .

Monday, April 9, 2012

പാനിപ്പട്ട് ,കുരുക്ഷേത്ര, ശിലോദ്യാനം

ഒരു  യാത്ര.
സഞ്ചരിച്ച വഴികളിലൂടെ വീണ്ടും.
കാലം വേഷപ്പകര്ച്ചയോടെ ഭൂതലം പുത്തനാക്കി നിറുത്തിയിരുന്നു.
ഒരേ സ്ഥലം പല അനുഭവം ആകുക. പല കാലങ്ങളില്‍ പല ഭാവങ്ങളില്‍ മാസ്മരികതയോടെ വരവേല്‍ക്കുക .അത്യപൂര്‍വമായ ആ നിമിഷങ്ങളിലേക്ക് ഈ കുറിപ്പുകള്‍ .

ശ്രീനഗറും സിംലയും ആണ് യാത്രാ ലക്‌ഷ്യം.ആദ്യ യാത്രകളിലെ അപൂര്‍ണതകള്‍ പരിഹരിക്കണം. മഞ്ഞു പുതയ്ക്കുന്ന  നാടുകളില്‍ ഞാന്‍ ചെല്ലുമ്പോള്‍ കണി കാണാന്‍ പോലും മഞ്ഞില്ല. അന്ന്  ഹിമ സാനുക്കള്‍  കനിവ് കാട്ടിയില്ല  . ഇത്തവണ  പ്രതീക്ഷ മനസ്സിനെ പുതപ്പിച്ചു .  പുറപ്പെടും മുമ്പേ കാലാവസ്ഥാ ചാര്‍ട് നോക്കി. എല്ല് കോച്ചുന്ന കിടിലന്‍ തണുപ്പുണ്ട്. പക്ഷെ അതൊന്നും വിശ്വസിച്ചു കൂടാ. പല അനുഭവം ഉണ്ട് .


ഡല്‍ഹി വിമാനത്താവളത്തില്‍  ഒരു ഇന്നോവ കാര്‍ ഏര്‍പ്പാടാക്കിയിരുന്നു. .പത്തു ദിവസത്തേക്ക് വാടകയ്ക്ക്. തോന്നുമ്പോള്‍ ദിശ മാറ്റാം. കൂടുതല്‍ സമയം ഇഷ്ടമുള്ളിടത്ത് ചിലവഴിക്കാം. മുന്‍കൂട്ടി ഒരു ഹോട്ടലും ബുക്ക് ചെയ്തില്ല. ഉറക്കം വരുമ്പോള്‍ എവിടെയാണോ അവിടെ കിട്ടുന്ന സൗകര്യം അന്തി ഉറങ്ങാന്‍ ഉപയോഗിക്കുക. അല്പം സാഹസികത ഇല്ലെങ്കില്‍ പിന്നെ എന്ത് യാത്ര!
നാല് മണിക്ക് സര്‍ദാര്‍ജി കാറില്‍ കയറ്റി. എങ്ങോട്ട്? .പാനിപ്പട്ട് അല്ലെങ്കില്‍ കുരുക്ഷേത്ര? കുരുക്ഷേത്രയില്‍ എത്താന്‍ വൈകും. എങ്കില്‍ പാനിപ്പട്ട് .വീഥി അതിന്റെ വിശാലത കൊണ്ട് എണ്‍പത് കിലോമീറ്റര്‍ വേഗതയിലേക്ക് ചക്രങ്ങളെ ഉത്സാഹിപ്പിച്ചു. ആകാശ യാത്ര പോലെ തന്നെ തട്ടും തടവും ഇല്ലാതെ..
പാനിപ്പട്ട്
പാനിപ്പട്ട് ഒരു പാഠം തന്നു .ഹോട്ടലില്‍ മുറി എടുക്കുമ്പോള്‍ പേശണം. നമ്മുടെ നാട് പോലെ അല്ല. അച്ചടിച്ച കാര്‍ഡുകളില്‍ ഉള്ളതിന്റെ പകുതി പോലും അവര്‍ മുറി വാടക പ്രതീക്ഷിക്കുന്നില്ല.( ഈ അനുഭവം പിന്നീട് പ്രയോജനപ്പെട്ടു .) രാത്രി  ശൈത്യം കാര്യമായി സല്‍ക്കരിച്ചു. പുറത്തിറങ്ങിയാല്‍ കിടുകിടുക്കുന്ന അവസ്ഥ. ഹായ് ..കഴുത്തിനു ചുറ്റും തണുപ്പ് ഇഴഞ്ഞു കേറി.
ഉറങ്ങാന്‍ കിടന്നപ്പോള്‍ ഓര്‍ത്തു പൌരാണികമായ ഒരു ഭൂ പ്രദേശത്താണല്ലോ  അന്തിനിദ്ര.  
പാണ്ഡവര്‍ തീര്‍ത്ത പഞ്ചനഗരങ്ങളില്‍ ഒന്ന്.പാണ്ടുപ്രസ്ഥം  .പാനിപ്പട്ട് യുദ്ധങ്ങള്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ രണ്ടു മാര്‍ക്കിന്റെ ചോദ്യങ്ങളായി, ബ്രായ്ക്കറ്റില്‍ നിന്നെടുത്തു പൂരിപ്പിക്കേണ്ട ഉത്തരമായി, ചേരും പടി ചേര്‍ക്കേണ്ട സ്ഥലകാലങ്ങളായി നിര്‍ജീവ വസ്തുതകള്‍ ..ഇപ്പോള്‍ അവ വീണ്ടെടുക്കുകയാണ് . ഇബ്രാഹീം ലോധി തേരോട്ടം നടത്തിയ അതി വിശാല പ്രദേശം പുലരിയില്‍ കാണാനായി കണ്ണുകള്‍ അടച്ചു. 


'എവിടെയാണ് പാനിപ്പട്ട്  യുദ്ധം  നടന്ന സ്ഥലം ?' ഞങ്ങള്‍ അന്വേഷിച്ചു .ഇവിടെഎല്ലാം എന്ന് ഉത്തരം. ശരിയായിര്‍ക്കാം. ആയുധങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും അധിനിവേശത്തിന്റെ ബഹുരൂപങ്ങള്‍ നല്‍കിയ നിര്‍മിതി ജീവിതത്തില്‍ അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്തിട്ടുണ്ടാകാം. അങ്ങനെ കുടിലുകളും കെട്ടിടങ്ങളും ചേരികളും കാലികളും ഒക്കെ ആയി ബഹുമതസമൂഹം പാര്‍പ്പിന്റെ മരം നട്ടു വളര്‍ത്തി വലുതാക്കിയതാവാം ഇന്നി കാണുന്ന ഈ നഗരി. 
ഗാന്ധി മൈതാനം ലക്ഷ്യമിട്ട് വാഹനം നീങ്ങി. അവിടെ സ്വാതന്ത്യസമരത്തിന്റെ ഒരു ഓര്മ പച്ച പിടിച്ചു നിന്നു. അതില്‍ ഇപ്പോഴും മഹാത്മാഗാന്ധി ജനതയോട് ആഹ്വാനം ചെയ്യുന്നുവോ ?
കുരുക്ഷേത്ര
കുരുക്ഷേത്ര, ബ്രഹ്മ സരോവര്‍ ... സരസ്വതീ നദിയുടെ തീരം..
ബ്രഹ്മാവ്‌ പ്രപഞ്ച സൃഷ്ടി നടത്ത്തിയതിവിടെ.
ഗീതോപദേശം കൊണ്ട് അര്‍ജുനനെ കര്മോത്സുകനാക്കിയതും   ഇവിടെ. ഭീഷ്മര്‍ പത്തുദിവസം സര്‍വസൈന്യാധിപനായി കൌരവപ്പട നയിച്ച്‌ ശരശയ്യയിലേക്ക് ശരീരം കിടത്തിയപ്പോള്‍ അതൊരു അവിസ്മരണീയ മുഹൂര്‍ത്തം. ഗുരുവായ   ദ്രോണര്‍ അഞ്ചു ദിവസം പ്രിയ ശിഷ്യരോട് എതിരിട്ട രണഭൂമി. 
എഴുത്തച്ഛന്‍ വര്‍ണിച്ചു തന്ന മഹായുദ്ധം   അതി മനോഹരമായി ദൃശ്യവത്കരിചിരിക്കുന്നു കുരുക്ഷേത്ര മ്യൂസിയം-  പനോരമ കാഴ്ചയില്‍ വെളിച്ചവും ശബ്ദവും ചിത്ര ശില്പങ്ങളും കൊണ്ട് തനി യുദ്ധ പ്രതീതി .പതിനെട്ടു ദിവസത്തെയും പോരാട്ടം. ചക്രവ്യൂഹത്തില്‍ നിന്നും ഒരു കുമാരന്‍ സുനിശ്ചിതമായ മരണത്തിലേക്ക് സധൈര്യം..
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഈ മ്യുസിയത്തില് നിന്നും മനസ്സിലാക്കാം. വളരെ ചിട്ടയോടെ ക്രമീകരണങ്ങള്‍ .


തൊട്ടടുത്ത്‌ ശ്രീകൃഷ്ണ മ്യൂസിയം
ഒന്നാം നിലയില്‍ ഒറീസയില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആന്ധ്ര പ്രദേശത്ത് നിന്നും ശേഖരിച്ചവ. ദശാവതാരവും കാളിയ മര്‍ദനവും  ഗെജേന്ദ്ര മോക്ഷവും ഒക്കെ അതി സൂക്ഷ്മതയോടെ മനോഹര കാവ്യങ്ങളായി കൊത്തി വെച്ചിരിക്കുന്നു . ലോഹ- ദാരു ശില്പങ്ങള്‍  .
രണ്ടാം നില പുരാവസ്തുക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയം. ഹാരപ്പയുടെയും ദ്വാരകയുടെയും ചരിത്ര സാക്ഷ്യങ്ങള്‍ . ഒന്നാം നൂറ്റാണ്ടിന്റെ പഴമയുള്ള വിഗ്രഹങ്ങള്‍ . മൂന്നാം നിലയില്‍ കയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ ,താളിയോലകള്‍ . വൈഷ്ണവ മതത്തിന്റെ പ്രതിനിധ്യങ്ങള്‍ ..തുണിയില്‍ ഭഗവത് ഗീതോപദേശ ചിത്രീകരണം.
കൃഷ്ണന്റെ വ്യത്യസ്ത ഭാവങ്ങള്‍ നാലാം നിലയില്‍ .കുസൃതിക്കണ്ണന്‍ , പ്രണയ കൃഷ്ണന്‍ ,കൊതിയന്‍ ഗോപാലന്‍ , രക്ഷകന്‍  ,ശത്രു നിഗ്രഹന്‍ . ഗോപികാകൃഷ്ണ ശരീരത്തിനു  പെണ്‍ ഘടനയോ?  ... അതില്‍ ഒരെണ്ണം വേറിട്ട്‌ നിന്ന്. രാധയും കൃഷ്ണനും ചേര്‍ന്നുള്ള ലാസ്യ നടനം. കാര്‍വര്‍ണറെ കണ്ണുകളില്‍ എന്തെല്ലാം ഭാവങ്ങള്‍ ..
അഞ്ചാം നില തഞ്ചാവൂര്‍ പെയിന്റിംഗ് .വിവിധ തരം കല്ലുകളിലും ഇലകളിലും വര്‍ണങ്ങള്‍ കൊണ്ട് തഞ്ചാവൂര്‍ ശൈലിയുടെ ആര്‍ഭാടം.  
മധുബാനി ചിത്രങ്ങള്‍ ആറാം നിലയില്‍ . ചുമര്‍ ചിത്രങ്ങള്‍  പേപ്പര്‍ പള്‍പ്പും  കളിമണ്ണും കൊണ്ട് തീര്‍ത്ത പാനലുകള്‍ . നിഴല്‍ പാവക്കൂത്ത്തിന്റെ രംഗക്രമീകരണം, അഭിമന്യു ഒറ്റയ്ക്ക് ദ്രോണര്‍ ദുര്യോധനന്‍ , കര്‍ണന്‍ , ശല്യര്‍ ,ദുശാസനന്‍ , ജയദ്രഥന്‍ എന്നിവരോട് പൊരുതുന്ന  കാഴ്ച ത്രിമാന ആവിഷ്കാരം കൊണ്ട് ശ്രദ്ധേയം. ക്യാമറയുടെ നിലവിളി .ഫോട്ടോ എടുക്കാന്‍ അനുവാദമില്ല. ഭീഷ്മര്‍ക്കും അഭിമന്യുവിനും താര പരിഗണന. ഒരു ചക്ര വ്യൂഹത്തില്‍ കൂടി വേണം പുറത്തിറങ്ങാന്‍ . വഴി തെറ്റിയാല്‍ കുറെ നേരം കുഴയും.

ബ്രഹ്മ സരോവരം. ഇവിടെ ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ പാപരഹിതരാകുവാന്‍ എത്താറുണ്ട്. കുരു ചക്രവര്‍ത്തി നിര്‍മിച്ചതെന്ന് വിശ്വസിക്കുന്ന കുളം .
പാപം- മോക്ഷം,ഒരു മുങ്ങിക്കുളിയില്‍ ചെളി ഇളകിപ്പോകുന്നപോലെ ഒരു പ്രാര്‍ത്ഥനാസ്നാനത്തിലൂടെ ഇവിടെ ..എന്തോ പൊരുത്തക്കേട് എനിക്ക് തോന്നി .
അവരോര്‍ ചെയ്യുന്ന തെറ്റുകള്‍ അവരോര്‍ക്ക്‌ തിരുത്താന്‍ കഴിയണം .അപ്പോള്‍ ആ തിരിച്ചറിവിനെ ദൈവീകം എന്ന് വിളിച്ചു കൂടെ .
തെറ്റുകള്‍ ആവര്‍ത്തിക്കുകയും വീണ്ടും വീണ്ടും പുണ്യസ്ഥലങ്ങളില്‍ മോക്ഷമോഹിതരായി എത്തുകയും ചെയ്യുന്ന പാവങ്ങള്‍ ..പാപികള്‍ 
ഏതായാലും  സൂര്യഗ്രഹണം  ഇവിടെ വലിയ സംഭവം തന്നെ. 

ചണ്ഡീഗഢ്

എത്തുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു.ശിലോദ്യാനം ഏതു വഴി  ? ഡ്രൈവര്‍ ഇടയ്ക്കിടെ അന്വേഷിച്ചുകൊണ്ടിരുന്നു. ഇന്ത്യയിലെ ആസൂത്രിത നഗരത്തില്‍ അതും പഞ്ചാബും ഹരിയാനയും തങ്ങളുടെ (കേരളത്തിലെ തങ്ങള്‍ അല്ല ) തലസ്ഥാനമായി കാത്തു സൂക്ഷിക്കുന്ന എന്നാല്‍ കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ് മനോഹരം ആണ്. ശിലോദ്യാനവും കുസുമോദ്യാനവും ജലാശയവും ഇവിടെ .

പാണ്ഡവര്‍ അജ്ഞാതവാസം നയിച്ച പഞ്ചകുല സമീപ നഗരിയില്‍ .

അര ദിവസം മാത്രമേ ഇവിടെ കിട്ടൂ .എല്ലാം കാണാന്‍ സമയം ഇല്ല. 

അതിനാല്‍ പാറകളുടെ സൌന്ദര്യം ആദ്യം കാണാന്‍ തീരുമാനിച്ചു. 

നമ്മുടെ ചുറ്റും കിടക്കുന്ന കല്ലുകള്‍ അവ നാം അവഗണിക്കുകയാണ് 

പതിവ്. ഈ ശിലോദ്യാനം അവയ്ക്ക് മോക്ഷം നല്‍കിയിരിക്കുന്നു. വരൂ

 വായില്ലാക്കുന്നിലപ്പനാണോ ? ഈ നിഷ്കളങ്കതയുടെ  ശൈശവഭാവം എനിക്കിഷ്ടമായി. ഇതേപോലെ കുറെ എണ്ണം അടുത്തടുത്ത് മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത അവസ്ഥകളെ പ്രതിനിധാനം ചെയ്തു..

നോക്കൂ രണ്ടെണ്ണം.മാനം കാക്കാന്‍ ഉശിരോടെ പ്രതിരോധിച്ചു തല പോയ കന്യകയോ അപ്പുറം ?ഇപ്പുറം ശിരസ്സ്‌ പുറന്തോടില്‍ നിന്നും നീട്ടുന്ന ഉരഗ ജീവനോ    ? വെറും ശിലകള്‍  അല്ല ഇവ എന്ന് വ്യക്തം

 വലിയ ഒരു കാഴ്ച. ധാരാളം കുടങ്ങള്‍ .ആ കുടമതില്‍ സുന്ദരം. അടുത്തേക്ക് ഞാന്‍ കയറി.അപ്പോള്‍കാല്‍ച്ചുവട്ടില്‍ എന്നെ വണങ്ങി ഏതാനും ശിലകള്‍ . ഞാന്‍ കരുതല്‍ എടുത്തു.പാദസ്പര്‍ശം വേണ്ട. .അഹല്യ പൂമാല്യവുമായി ഉയര്‍ന്നു വന്നാലോ.


ഒരു പനോരമ ക്ലിക്ക് ചെയ്തു.വെളിച്ചം അതിനെ തടയാന്‍ ശ്രമിച്ചെങ്കിലും ആള്‍ രൂപങ്ങള്‍ പോസ് ചെയ്തു നിന്ന്.ഇത് പോലെ കുപ്പിയും കല്ലും മാര്‍ബിളും മണ്ണും വളയും ഒക്കെ ജീവന്‍ നല്‍കിയ അസംഖ്യം രൂപങ്ങള്‍

ഒരു ശില .വെടിയേറ്റവന്റെ  നിലവിളി പോലെ. എന്റെ വ്യാഖ്യാനം കേട്ട് ശില്പി അദൃശ്യനായി നിന്ന് ചിരിച്ചുവോ ?

നെറ്റ് ചന്ദ് എന്നായിരുന്നു അയാളുടെ പേര്. ആയിരത്തിതോല്ലായ്ടിരത്തി അന്‍പത്തി എട്ടില്‍ മൂപ്പര്‍ ഒറ്റയ്ക്ക് ആരംഭിച്ച പണി അല്ല തപസാണ് ഈ ശിലോദ്യാനം. ഏകനായി, തകര്‍ന്നു പോയ ഗ്രാമങ്ങളില്‍ നിന്നും ശിലകള്‍ ശേഖരിച്ചു അതി സൂക്ഷ്മതയോടെ സര്‍ഗാത്മകമായി വിന്യസിച്ചു.രണ്ടായിരം ശില്പങ്ങള്‍ അങ്ങനെ ആ കരവിരുതില്‍ ഒരുങ്ങിക്കഴിഞ്ഞപ്പോഴാനു പുറം ലോകം ഈ അത്ഭുതം അറിയുന്നത്.അദ്ദേഹത്തെ മനസ്സില്‍ നമസ്കരിച്ചു ഞാന്‍ മുന്നോട്ട് നീങ്ങി.

വെള്ളം കോരാന്‍ വന്ന കന്യകകള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരാള്‍ .ഒരു അപരിചിതന്‍ .പക്ഷെ എന്റെ ക്യാമറയ്ക്ക് ആ പോസ്  ഇഷ്ടമായി. നാം നമ്മുടെ പടം എടുക്കാനല്ലല്ലോ ക്യാമറ വാങ്ങുന്നത്. 

ചേരുവകളുടെ ചാരുത ഒപ്പാനല്ലേ.

 ഏതോ പൌരാണികമായ ബന്ധങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ട് വേരുകള്‍ . അതും നിര്മിതിയാണ്. അവയ്ക്കിടയിലൂടെ അപ്പുറത്തെ നനഞ്ഞു കുതിരുന്ന യൌവ്വനക്കൂത്താട്ടം കണ്ടു.

 എന്തിനും സൌന്ദര്യം ഉണ്ടെന്നു ഈ ശിലോട്യാനത്ത്തിന്റെ ഓരോ കോശവും വിളിച്ചു പറഞ്ഞു. കേടായ ഫ്യൂസുകള്‍ .വൈദ്യുതി ബോര്‍ഡിനു ആലോചിക്കാന്‍ പോലും ആവാത്ത കലയുടെ ഊര്‍ജം അവയില്‍ ഉണ്ട്.ഇതാ ഇങ്ങനെ ..

 

ആഗ്നേയ ശിലയുടെ ഭാഗമാകാം ഇത്. 
ഏതോ സസ്യ  കോശം പോലെ. അല്ലെങ്കില്‍ ഉല്‍പത്തിയുടെ നിമിഷം പോലെ.. കുമിളപ്പാടുകള്‍ കൊണ്ടൊരു കവിത 
കൃഷ്ണ ശിലകള്‍ അടുത്തുണ്ട്. 

 ചെറിയ കിളിക്കൂടുകള്‍ പോലെ ഉയരത്തില്‍ കൌതുകം വീട് വെച്ചിരിക്കുന്നു.

 ചെന്ന് പെട്ടത് മറ്റൊരു കാഴ്ചയില്‍ .

ഉദ്യാനം ഇവര്‍ക്കുള്ളത്. ജീവിതത്തില്‍ ഇത്തരം നിമിഷങ്ങള്‍ അസൂയാജനകം. ശിലോദ്യാനം കേവലം കാഴ്ച മാത്രമല്ല പ്രണയോദ്യാനം കൂടിയാണെന്ന് ..

ഞാന്‍ ഒഴിഞ്ഞു നടന്നു.

 മറ്റൊരിടത്ത് പോലീസുകാര്‍ ഇടപെടുന്നത് കണ്ടു. ഒരു പെണ്‍കിടാവ് അവളുടെ കാമുക ഹൃദയത്തില്‍   ചേര്‍ന്നിരുന്നു ഊഞ്ഞാല്‍ ആടിയതിനു! പോലീസായാല്‍ പിന്നെ മനസ്സിലെ എല്ലാ ഇളംപുല്ലുകളും വാടി പോകുമോ ?





ഇത് വളപ്പൊട്ടുകള്‍ കൊണ്ടാണ്. ഹോ എത്ര വളകളുടെ ചെഞ്ചായക്കഷണങ്ങള്‍   പെറുക്കിയിരിക്കും?


വേരുകള്‍ .. ജാലാശയത്ത്തിലേക്ക്.. അതിനെ പിരുവകളില്‍ പ്രക്ത്യേകിചോന്നും കാണില്ല അത് ഒരു സ്വാഭാവിക മരം ആയിരുന്നെങ്കില്‍. പക്ഷെ അങ്ങനെ വേരിന്റെ സജീവതയോടെ ഒന്ന് രൂപപ്പെടുത്താന്‍ എടുത്ത സമയം അധ്വാനം ഒക്കെ വേണ്ടിവന്നിരിക്കണം .. ആലോചിച്ചപ്പോള്‍..
ഒട്ടകം .കുട്ടികളും യുവതികളും ഒക്കെ കയറി സവാരി ചെയ്യുന്നുണ്ട്. ഉദ്യാനത്തിന്റെ കാഴ്ചകളില്‍ അതും .
നാവടക്കൂ പണി എടുക്കൂ എന്ന് പറഞ്ഞ ഭരണാധികാരിയെ ഓര്മ വന്നു ആ ഒട്ടകത്തെ കണ്ടപ്പോള്‍ .
ടോയ് ലറ്റിനും ഉണ്ട് മാര്‍ബിള്‍ സ്പര്‍ശം .അഴക്‌  എവിടെയും ആകാം. അതിനു മനസ്സ് വേറിട്ടാലോചിക്കണം.


കോണ്ക്രീറ്റ് കൊണ്ടുള്ള നിര്‍മിതികളും ശ്രദ്ധേയം. ഓരോ അനുഭവും വിവരിക്കാന്‍ തുടങ്ങിയാല്‍ തീരില്ല.എല്ലാ ഫോട്ടോകളും കാണിക്കണം എന്നുണ്ട്. അവ നൂറുകവിയും..!മൂന്നു മണിക്കൂര്‍ പോയത് അറിഞ്ഞില്ല.
 സൂര്യന്‍ ചാഞ്ഞു തുടങ്ങി






ഒരു ചായ കുടിച്ചാലോ .ഒരു മരത്തിന്റെ ചുവട്ടില്‍ ചായ തിളയ്ക്കുന്നു. അങ്ങോട്ട്‌ ചെന്നപ്പോള്‍ ആ മരം എന്നെ വശീകരിച്ചു.
 'വേണേല്‍ രണ്ടു ഫോട്ടോ എടുത്തോ എന്ന്'. ഞാന്‍ മടിച്ചില്ല. 
ഹൃദയബന്ധം എന്ന് വിളിക്കാവുന്ന ഒരു ദൃശ്യം.


ശിലോദ്യാനത്തിന്റെ    സാമീപ്യം കൊണ്ട് ശില്പസൌന്ദര്യം സ്വയം അണിഞ്ഞ വൃക്ഷ സൌന്ദര്യം . ഇനി അടുത്ത ഉദ്യാനത്തിലേക്ക്‌ 



കുസുമോദ്യാനം.  825   തരം റോസാപ്പൂക്കള്‍  32500 ചെടികള്‍ .നാല്‍പതു ഏക്കറില്‍ വിശാലമായി ഒരുക്കിയിരിക്കുന്നു. 
ഞാന്‍ ചെന്നപ്പോള്‍ പൂക്കുലകളില്‍ നിന്നും വിരിഞ്ഞിറങ്ങി ഒരു സുന്ദരി നടന്നു പോകുന്നു. ഏതു ചെടിയില്‍ നിന്നും ആണ് ഇവള്‍ അടര്‍ന്നു മാറിയത് ..
'ഈ വല്ലിയില്‍ നിന്ന് ചെമ്മേ ഒരാള്‍ പോകുന്നിതാ നടന്നമ്മേ '..എന്നാരോ ! അടുത്തവരി കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു. 
ഞാന്‍ ഉദ്യാനസുഗന്ധത്തിനെ കാറ്റിനു കൊടുക്കാതെ നോക്കാന്‍ പാട് പെട്ട് പരാജയപ്പെട്ടു .
റോസ് എന്നാല്‍ സപ്ത വര്‍ണങ്ങളും ആണെന്ന് ഈ ഉദ്യാനം പറയും.പച്ചപ്പൂക്കള്‍ വരെ. മനസാനല്ലോ വര്‍ണത്തിനു നിറം നിശ്ചയിക്കുക. പേരിനു പൊരുള്‍ കൊടുക്കുക.




ജീവിതത്തിന്റെ വസന്തസായാഹ്നം ഒരു ചാരു ബഞ്ചില്‍ . കൊഴിഞ്ഞു വീണ പൂക്കളുടെ ഓര്‍മ്മകള്‍ . വര്ണ വൈവിധ്യത്തിന്റെ ഒരു സുഗന്ധോദ്യാനത്തില്‍ ഇങ്ങനെ സൌഗന്ധിക കണങ്ങളായി ഇരിക്കുക വലിയ കാര്യം തന്നെ. പുണ്യം ചെയ്ത ഈ സായാഹ്നംജിവിതം അവരിലും എന്നിലും നിറച്ചത് സംതൃപ്തി.
ഉദ്യാനത്തില്‍ സംഗീതം. ഞാന്‍ അവിടേക്ക് ചെന്നു. 
ധാരാളം മൈനകള്‍ . അവ പൈപ്പ് പൊട്ടി ഒഴുകുന്ന ജലത്തില്‍ കുളിക്കുകയാണ്. കുളി കഴിഞ്ഞവര്‍ കണ്ണെഴുതുന്നു .  പൂക്കളെ പാട്ട് കേള്‍പ്പിക്കുന്നു.
ദൂരെ ഒരു വെള്ള മരം .അത് വേറിട്ട്‌ നിന്നു. ഞാന്‍ അടുത്തേക്ക് നീങ്ങി. അടുക്കും തോറും അതി മധുരമായ സംഗീതം. ഒരായിരം കിളികള്‍ ഒന്നിച്ചു നടത്തുന്ന സംഗീതകച്ചേരി പോലെ. അവാച്യമായ അനുഭൂതി. ചാരത്തു എത്തിയപ്പോള്‍ അതൊരു ഗന്ധര്‍വ സംഗീത വൃക്ഷമാണെന്നു മനസ്സിലായി.



കാറ്റിന്റെ ഇളം വിരലുകള്‍  തൊടുമ്പോഴേക്കും കര്‍ണാമൃതം . അപ്പോള്‍ കാറ്റ് സ്വയം മറക്കും .സ്ഥായി  മാറ്റും . ഈ സംഗീതമരം  ഇവിടെ  തീര്‍ത്ത  ഭാവന  ഉചിതം.  ഗംഭീരം . 
ഇരുള്  വരുന്നെന്നു  വിളക്കുകള്‍  പറയാന്‍  തുടങ്ങി .
ഒരു ദിവസം  അവസാനിക്കുന്നു . 
ഇവിടെ തങ്ങണോ  അതോ ?
പോകുന്ന  വഴിക്കാകാം . രാവിലെ  അത്രയും  സമയം  കൂടി  കിട്ടുമല്ലോ . 
അമൃതസരസ്സിന്റെ ദിശയില്‍ വണ്ടി നീങ്ങി. 
ലുധിയാനയിലോ ജലന്ധരിലോ തങ്ങാം  ..
(തുടരും)