വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Monday, October 31, 2011

ഗംഗയുടെ മനസ്സില്‍ നോവുണ്ട്

എനിക്ക് ഗംഗ ഒരാഗ്രഹം ആയിരുന്നു. കുട്ടിക്കാലം മുതല്‍ കേട്ട ഗംഗ. അപദാനങ്ങളില്‍ അത് നിറഞ്ഞൊഴുകി
   പാടലീപുത്രത്തില്‍ ഇറങ്ങുമ്പോള്‍ കണ്ടു വിശാലമായ ജലപ്പരപ്പ്. പാട്നയിലെ പ്രഭാതത്തില്‍ ഗംഗ പ്രലോഭിപ്പിച്ചു എന്നെയും..

 അപരിചിത  വഴികളിലൂടെ ഓട്ടോ റിക്ഷ നീങ്ങി. ചൂട് തുടങ്ങുന്നേയുള്ളൂ..കലക്ടരെറ്റ് ഘട്ട്  അവിടെ  ഇറങ്ങി .വരവേല്‍ക്കാന്‍ മഞ്ഞപൂക്കള്‍ .പ്രാര്‍ഥനയുടെ ഏകാഗ്രതയില്‍ ചിലര്‍ സ്വയം മറന്നു നില്‍ക്കുന്നത് കണ്ടു. ഞാന്‍ ചുവടുകള്‍ വച്ചു..
 
---- തിരക്കുണ്ട്‌. ആളുകള്‍ ഗംഗയില്‍ പാപങ്ങള്‍ കഴുകി കളയുകയാണോ..  എന്തോ ആരുടേയും മുഖത്ത് പാപ ബോധം കണ്ടില്ല.. എങ്കിലും ഒരു സ്നാനം നല്ലതാണ്.നദികള്‍ നല്‍കുന്ന സ്നേഹം ..അതിന്റെ ആഴവും പരിശുദ്ധിയും കണ്ണടച്ച്  മുങ്ങുമ്പോള്‍ മാത്രമുള്ള അനുഭവം.

ഒരാള്‍ കുടയും ചൂടി ഇരിക്കുന്നു.പുഴയില്‍ കുളിക്കാന്‍ വരുന്നോരെന്തിനാ കുട കൊണ്ട്  വരുന്നത്?. എനിക്ക് മനസ്സിലായില്ല .ഒരു പക്ഷെ അയാള്‍ പകലന്തിയോളം ഈ കടവില്‍ കാണും..പൂജാ ദ്രവ്യങ്ങലോ മറ്റോ വിറ്റു പോറ്റാനായിരിക്കും ..
--അടുത്ത് ചെന്നപ്പോഴാണ് കാര്യങ്ങള്‍ തെളിഞ്ഞു വന്നത്..അല്ലെങ്കിലും അടുക്കാതെ അറിയാന്‍ പറ്റില്ലല്ലോ
ആണും പെണ്ണും എല്ലാം ഉണ്ട് .അവര്‍ പിതൃക്കളെ ,കര്‍മ ബന്ധങ്ങളെ, ജന്മപാപങ്ങളെ, നേര്‍ന വാക്കുകളെ ഓര്‍മയില്‍ കൊണ്ട് വന്നു പൂക്കള്‍ ചേര്‍ത്ത് ഗംഗയ്ക്ക് നിവേദിക്കുകയാണ്.
ഗംഗാ സ്നാന്ത്തിന്റെ മറ്റൊരു മുഖം..
വെള്ളത്തില്‍ കൂപ്പുകുത്തിയതാരാ  ?
ഒരു കുട്ടി അവന്റെ ഉന്മേഷം ആ കുതിപ്പില്‍ കാണാം ..ഞാന്‍ ക്ലിക്ക് ചെയ്തു.
എന്റെ സാന്നിധ്യം അവര്‍ പരിഗണിച്ചില്ല. അല്ലെങ്കില്‍ അവര്‍ അറിയാതെ ഞാന്‍ അതെല്ലാം ഒപ്പിയെടുത്തു..ഒരു പെണ്‍കുട്ടി കാരണം മറിഞ്ഞു നദിയിലേക്ക് ..കുട്ടികളുടെ ഗംഗ എനിക്ക് മുമ്പില്‍ വിശാല മനസ്സോടെ ..
അടുത്ത ചാട്ടം അതിന്റെ സൌന്ദര്യത്തില്‍ മികച്ചു നിന്ന്. ഈ വ്യത്യസ്തത കൊണ്ടാകും മാതൃ സവിശേഷമായ ഭാവത്തോടെ  ഈ കുസൃതി ക്കുരുന്നുകളെ ഗംഗ ലാളില്‍ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും..
ശൂന്യതയുടെ   ആഴത്തില്‍ ഈ കുട്ടികള്‍ നീന്തിക്കയറുമോ ? 
--പൂജയുടെ ഒരു ചിത്രം ഞാന്‍ എടുത്തു. ഒരു ബിഹാരി തിരിഞ്ഞു നോക്കി .ആരെടാ ഇവന്‍ എന്ന ഭാവത്തില്‍.. 

ഈ വാര്‍ദ്ധക്യം കൊളുത്തിപ്പിടിച്ചു..ആ മുഖം കണ്ടോ..ജാഗ്രതയോടെ കെട്ടഴിച്ചു ഒരുക്കം തുടങ്ങുകയാണ്.. വൈവിധ്യമുള്ള ഇത്തരം കാഴ്ചകള്‍ ഏതു കടവിലും കാണില്ല. ..ഇനി മടങ്ങണം. ഗംഗയില്‍ ഇറങ്ങി നിന്ന്. കാലുകളിലേക്ക് തണുപ്പ് ചുറ്റി ഒഴുകി.
തിരിച്ചു നടക്കുമ്പോള്‍ തിരിഞ്ഞു നോക്കുന്നത് നമ്മുടെ പ്രകൃതം ആകാം..ഇനി ഇവിടെ വരില്ലല്ലോ ..ഒരു അവസാന കാഴ്ച. ഗംഗയിലെക്കുള്ള പടവുകളില്‍ എന്റെ കാലപാടും ഉണ്ട്..
വെളിയില്‍ അമ്മമാര്‍ .. ഇതിലാരാന് ഗംഗാ മാതാവ് . എനിക്ക് സംശയം. ഒഴുകിപ്പോയ ജീവിതത്തില്‍ കുത്തൊഴുക്കില്‍ അനാഥമായ തീരങ്ങളില്‍ അടിഞ്ഞു കൂടിയ മാതൃത്വം.
സന്ദര്‍ശകര്‍ നല്‍കുന്ന ദയയുടെ ഒരു പിടി അന്നം. അല്ലെങ്കില്‍ ഒരു തുട്ട്..അതി രാവിലെ മുതല്‍ അമ്മമാര്‍ കാത്തിരിക്കുകയാണ് മരിച്ചു പോയ മക്കള്‍ വരും .പിതൃക്കളെ .പരമ്പരകളെ തൃപ്തിപ്പെടുത്താന്‍. അതിന്റെ ഉച്ചിഷ്ടം മോഹിച്ചു നിരന്നിരിക്കുന്നു ഗംഗ ..

അമ്മമാര്‍ പിതൃക്കളെയും  പാരേതാല്‍മാക്കളെയും  ശപിച്ചോ അനുഗ്രഹിച്ചോ അന്നം തേടുന്നു?
പുണ്യനദിയുടെ  തേങ്ങല്‍ .അത്  ഓരോ വീട്ടിലും സൂക്ഷിക്കണം. ഗംഗാജലത്തിന് മലിനമാക്കപ്പെട്ട മക്കളുടെ മനസ്സുകളില്‍ ഒഴുകുന്ന നീതി ബോധമില്ലാത്ത ചാലുകളുടെ ചേരുവ കൂടി ഉണ്ട്. ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട അഞ്ചു നദികളില്‍ ഒന്ന് ഗംഗയാണത്രെ ..
കാഴ്ച്ചയുടെ നനവിലൂടെ വീണ്ടും ദൂരെ ഗംഗ.
ഗംഗാ സ്നാനം -പാപമില്ലാത്ത നീരൊഴുക്കില്‍ പാപികളുടെ ഏറ്റു പറച്ചില്‍ ...ഞാന്‍ ഓര്‍ത്തു ...

 അമ്മമാര്‍ക്ക്  ഭിക്ഷയാണ്‌ ഗംഗ
ഗംഗാ ദേവി- ഇത്രയും ജലം- അതിന്റെ പൊരുള്‍ ഇതാവും ..




Tuesday, October 18, 2011

മേഘമനസ്സിലൂടെ ഒരു യാത്ര

 
മൂന്നു  മാസം മുമ്പാണ് അത് സംഭവിച്ചത്..
ഉച്ച കഴിഞ്ഞു പകല്‍ ആറാന്‍ തുടങ്ങിയപ്പോള്‍ ട്രെയിനില്‍ ചെങ്ങനൂരില്‍ നിന്നും കയറി. കോട്ടയം കഴിഞ്ഞു.
അപരിചിത നിര്‍വികാര  മുഖങ്ങള്‍ .. ഒരു മടുപ്പ് .
.ഞാന്‍ എഴുന്നേറ്റു വാതിലിന്റെ കാറ്റ് വാക്കില്‍ നിന്നുകൊടുത്തു.. അപ്പോഴാണ്‌ അവരുടെ മനസ്സുകള്‍ കണ്ണില്‍പെട്ടത്‌.. 
ക്യാമറ പോക്കറ്റില്‍ അക്ഷമ പ്രകടിപ്പിച്ചു.

കാറ്റ് പായല്‍ വകഞ്ഞു മാറ്റിയിട്ടു കളം ഒരുക്കിക്കൊടുത്തു.  ജലപ്പരപ്പിലേക്ക് മേഘം എത്തി നോക്കി.
.ജലം ആകാശത്തോട് എന്തോ പറഞ്ഞു .
അത് കേള്‍കാന്‍ തെങ്ങുകള്‍ നിശ്ചലരായി 
ഞാന്‍ അത്ഭുതപ്പെട്ടു. 
ആകാശമേഘങ്ങളെ ജലം നെഞ്ചില്‍ ചേര്‍ത്തപ്പോള്‍ വര്‍ണ വ്യത്യാസം. അല്ലെങ്കിലും നാം ആരുടെയെങ്കിലും മനസ്സ് ഏറ്റു വാങ്ങുമ്പോഴാണ് സുഗന്ധസുവര്‍ണം കാണാന്‍ ആകുക. 
കവിളുകള്‍ തുടുക്കും..
ക്രമേണ ജലാശയം വാടി.
കണ്ടു നില്കാനാവാതെ കാറ്റ് മാറി നിന്നു. ദുഖത്തിന്റെ ഇരുളിമ    
അല്‍പ സമയം കഴിഞ്ഞില്ല .
സമാശ്വാസത്തിന്റെ വെളിച്ചം കൊണ്ട് തലോടാന്‍ ആകാശം  ശ്രമിച്ചു. 
പക്ഷെ കുറുമ്പ് മാറ്റാന്‍ കഴിഞ്ഞില്ല 
യാത്ര പറയുകയാണ്‌ .. 
ഞാന്‍ നിന്നിലും നീ എന്നിലും ഉണ്ടെന്നു അല്ലെങ്കില്‍ നീയാണ് ഞാന്‍  എന്ന് പറഞ്ഞു മേഘവും ജലവും  കൈകള്‍ കോര്‍ത്തു ..
വിരല്‍സ്പര്‍ശം അറ്റ് പോകാതെ ..
ഇരുളിന്റെ എണ്ണമറ്റ ശാഖകള്‍ ..
അവ വേര്‍പെടുത്താന്‍ ആകാത്ത വിധം ഇഴ പാകാന്‍ തുടങ്ങി.  
പ്രഭാതത്തിന്റെ പ്രാസാദം പനിനീര്‍ കുടഞ്ഞു ഉണര്‍ത്തും വരെ മിഴികള്‍ കൂപ്പാന്‍ ഇലകള്‍ ഒരുങ്ങി. 
ഈ കാഴചകള്‍ എന്നില്‍ വൈകാരികമായ ഒഴുക്ക് കൂട്ടി. 
ഒരു ഒറ്റപ്പെടല്‍ . 
എന്റെ പുലരി ..എന്റെ സന്ധ്യ . 
എന്റെ പ്രകാശം . 





Sunday, October 2, 2011

നളന്ദയിലെ ഒരു പകല്‍

അറ്റ് പോയ വേരുകള്‍ പോലെ ആലംബം നഷ്ടപെട്ട തകര്‍ന്ന കെട്ടിട സമുച്ചയങ്ങളില്‍  അസംഖ്യം  സ്തൂപങ്ങളുടെ ചുവടുഭാഗം...
താങ്ങി നിറുത്തിയ വിജ്ഞാന വിതാനങ്ങള്‍ ഓര്‍മയില്‍ ..

അടുത്ത് നില്‍ക്കുമ്പോള്‍ നളന്ദയുടെ പുരാതന പ്രൌഡി കാറ്റില്‍ ഇപ്പോഴും വിശ്വ വീക്ഷണം പ്രസരിപ്പിക്കുന്ന അനുഭവം.

ചരിത്രത്തിന്റെ   ഇടനാഴികളില്‍ എന്നോ തുര്‍ക്കികള്‍ തകര്‍ത്ത ഈ വിശ്വ വിഖ്യാത വിദ്യാകേന്ദ്രം ...
പാതി നിഴല്‍ വീണ പാതയില്‍ ഞാന്‍ ചുവടുകള്‍ വെക്കുമ്പോള്‍ അഗ്നിയില്‍ വെന്തു പോയ ഭിക്ഷുക്കളുടെ നിലവിളി നൂറ്റാണ്ടുകള്‍ക്കു അപ്പുറത്ത് നിന്നും കാതുകളില്‍ മുഴങ്ങി
അസംഖ്യം ഗ്രന്ഥ കെട്ടുകള്‍ കരിഞ്ഞുരുകുന്ന മണം
..
അധിനിവേശങ്ങള്‍ അവശേഷിപ്പിക്കുന്നത് പൊട്ടി ഒഴുകുന്ന വിലാപങ്ങളുടെ മഹാനദി ..
ചുവന്ന ഇഷ്ടികകള്‍ ..ഇത്  സജീവമായിരുന്നു. അതിരുകള്‍ കടന്നു അറിവ് തേടി എത്തിയ പഠിതാക്കള്‍
വഴിയിലെ ഈ നനവ്‌.. ചരിത്രത്തിന്റെ  കണ്ണുനീരാകാം ..
പതിനായിരത്തോളം വിദ്യാര്‍ഥികള്‍ ..രണ്ടായിരം അധ്യാപകര്‍  അവരെ ഒരേ സമയം ഉള്‍കൊണ്ട നളന്ദ..
മുറികളും വാതിലുകളും പടവുകളും ..
പുരാതനമായ വാസ്തുവിദ്യ. ഇടഭിത്തിയുടെ ഘനം..


കുറച്ചു കൂടി അടുത്ത് നോക്കുക..കല്ലുകളും കട്ടകളും പാകിയത്‌ ..ഉള്ളില്‍ തണുപ്പുള്ള മുറികള്‍ ..വായു സഞ്ചാരവും കിട്ടിയിരുന്നത്രേ..
നോക്കൂ അവിടെ പിന്നീടെന്നോ കൂട്ടിചേര്‍ത്തപോലെ കണ്ടോ ഇഷ്ടികകള്‍ അടുക്കിയിരിക്കുന്നത്..മൂന്നു തവണ തകര്‍ക്കാനുള്ള ശ്രമം നടന്നു രണ്ടു തവണ പുനര്നിര്മാനവും..

അവിടെ ചിതറിപ്പോയ പോലെ ബന്ധങ്ങള്‍ വേറിട്ട കെട്ടിട ഭാഗങ്ങള്‍ ..അംഗ ഭംഗം വന്നവ എങ്കിലും കാണാം അവയുടെ അവശേഷിക്കുന്ന അംശങ്ങളില്‍ നിര്‍മിതിയുടെ ചൈതന്യം.
ഓരോ കെട്ടിടവും കലാകാരന്മാരുടെ സൂക്ഷ്മധ്യാന സവിശേഷമായ  സമര്പണം .
ചുട്ടെടുത്ത   ഫലകങ്ങളില്‍   കൊത്തിവെച്ചതിലോക്കെ കാലം കരവിരുത്  ചേര്‍ത്തതോ.. വകതിരിവില്ലാത്ത സന്ദര്‍ശകര്‍ കൈവേച്ചതോ..ആക്രമണത്തിന്റെ ആഘാതത്തില്‍ മുഖം നെഷ്ടപ്പെട്ടതോ..
എല്ലാ ദിക്കുകള്‍ക്കും ദര്‍ശനംനല്കി ഒരു സ്തൂപം ..ബുദ്ധവിഗ്രഹത്ത്തിനു ഇടമൊരുക്കി അങ്ങനെ..ഇഷ്ടികകളുടെ ഓരോ അട്ടിയും ഞാന്‍ നിരീക്ഷിച്ചു..പുറത്തേക്ക് തള്ളിയും അകത്തേക്ക് ഒതുക്കിയും 
ഇടയകലം തോന്നിപ്പിച്ചും കോണുകളുടെ സൌന്ദര്യം ചേര്‍ത്തും വിവിധ രൂപങ്ങളുടെ അനുയോജ്യസന്നിവേശവും...

പതിനാലു ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന നളന്ദ. ഞാന്‍ വിശാലമായ പ്രദേശം കൌതുകത്തോടെ നോക്കി  മരത്തണലില്‍  ഗാര്‍ഡുകള്‍ ഉണ്ട്.ചില പ്രദേശങ്ങള്‍ സംര്‍ക്ഷിതം.വിലക്കപ്പെട്ട അവിടങ്ങളിലേക്ക് പോകാനോ ഫോട്ടോ എടുക്കാനോ പാടില്ല
"കേരളത്തില്‍ നിന്നും വരികയാണ് ..ഇനി മറ്റൊരവസരം ഇല്ല .. പ്ലീസ് "
അതൊന്നും അവരുടെ കര്തവ്യ ബോധത്തെ സ്വാധീനിച്ചില്ല
ശരിയാണ് ഞാന്‍ അങ്ങനെ ചോദിച്ചു കൂടായിരുന്നു .സംരക്ഷണം   അതില്‍ അയവ് പാടില്ല.
പലയിടത്തും പല കാലങ്ങളിലെ കട്ടകള്‍ കൊണ്ട് കെട്ടി ഉയര്‍ത്തിയ ചുമരുകള്‍ ..അത് പിടിച്ചു നില്‍ക്കുകയാണ്. മനസ്സിലും കാലത്തിലും.അധിനിവേശത്തെ കുറിച്ച് ഇങ്ങനെ ഓര്‍ത്തു...ഉള്ളിലെ വെളിച്ചം നഷ്ടപ്പെടുമ്പോഴാണ്  പുറത്തെ വെളിച്ചവും ഊതിക്കെടുത്തുക. 
 

ഒരു കിണര്‍ ..അതിനു അരുതെന്ന് വിലക്കുന്ന മേല്മൂടി. ഇപ്പോള്‍ഒരു ബുദ്ധ ഭിക്ഷുവിന്‌ മുമ്പിലും ആ അമൃതജലം  കനിയുന്നില്ല.
വിജ്ഞാനത്തിന്റെ ഉറവകള്‍ എവിടെ? ഞാന്‍ ആഴത്തിലേക്ക് കാഴ്ച്ചയിറക്കി....ഇരുളിന്റെ മേല്‍ ചെടികള്‍ വളര്‍ന്നു മുഖം പൊത്തി ആ കിണര്‍ ഊമയായി. അതിന്റെ വശങ്ങള്‍ ..വിശാലമായ സംവാദ വേദിയിലെ സ്ഥാനം..വല്ലാത്ത നിരാശ എന്നെ പൊതിഞ്ഞു..

കിണര്‍ വീണ്ടും വിളിച്ചുവോ ..പിന്തിരിഞ്ഞു നോക്കി.അതെ കാഴ്ച ദയനീയം മഹാസര്‍വകലാശാലയുടെ   പായല്‍ പിടിച്ച   അസ്ഥികൂടങ്ങള്‍
ഇതാ ഒരു ആരാധനാമുറി. ഇതുപോലെ ഇനിയുമുണ്ട്. പഠിതാക്കളും ഗുരുക്കളും മനസ്സിലേക്ക് ശാന്തി മന്ത്രം തേവി തണുത്ത നിമിഷങ്ങള്‍
 

മുറിച്ചു വെച്ച പാദങ്ങള്‍ പോലെ കുറെ അവശിഷ്ടങ്ങള്‍ .. തൂണുകളുടെ ചുവടുകള്‍ കണ്ടാല്‍ അറിയാം മന്ദിരത്തിന്റെ ഗാംഭീര്യം..
മടങ്ങാം..ഉള്ളു മന്ത്രിച്ചു..വീതിയുള്ള ഭിത്തിയുടെ മേല്‍ കാലുകള്‍ വെച്ചപ്പോള്‍ ഇനിയും മരിക്കാത്ത ഇളം ചൂട്.. അറിവിന്റെ അഗ്നി അവശേഷിപ്പിച്ചതാവും..ഒരു അദ്ധ്യാപകനിലേക്ക് അത് പകരുന്ന പോലെ..
ഗയയില്‍ കണ്ട കാഴ്ചകള്‍ ഓര്‍ത്തു..ഗയയില്‍ നിന്നും മടങ്ങുന്ന വഴിക്കാഴ്ച്ചകളും ലോകത്തിനു വെളിച്ചം പകര്‍ന്ന നാട്ടിലെ കുട്ടികള്‍ ഇപ്പോഴും ഇരുട്ടിലാണല്ലോ 
അടുത്ത് ചരിത്ര മ്യൂസിയം ..അവിടേക്ക് നടക്കുമ്പോള്‍ ഒരു വലിയ മണി
 വിജനതയില്‍ നഷ്ടപ്പെട്ട ശബ്ദത്തിന്റെ ഓര്‍മ്മകള്‍ കുടിച്ചു അത് അവിടെ