വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Friday, August 26, 2011

പ്രണയ വേഴാമ്പലുകള്‍ അവരുടെ ആകാശം കണ്ടെത്തി

പാട്നയിലെ ഒരു ദിവസം
ചില്ലകളില്‍ വെയില്‍ മൈലാഞ്ചി എഴുതാന്‍ തുടങ്ങുന്നു
നിഴല്‍ചിത്രങ്ങളില്‍ മരങ്ങള്‍ പരസ്പരം ലയിച്ചു
രണ്ട് വേഴാമ്പലുകളുടെ മനോഗതങ്ങള്‍ ചിറകടിച്ചുയരുന്നത്  ഞാന്‍ പകര്‍ത്തി.
ഭിത്തിയുടെ പശ്ചാത്തലം ആ ഹൃദ്യമായ കഥയ്ക്ക്‌ ഇണങ്ങും.ദൃശ്യകഥ ഇങ്ങനെ

അവര്‍ രണ്ട് പേര്‍ .
അടുത്തടുത്താണിരുപ്പ്‌  ഒരേ ശാഖയില്‍
എങ്കിലും അടുത്തൊരാള്‍ ഇരുപ്പുന്ടെന്നൊരു മറ്റു പ്രകടിപ്പിക്കാതെ എതിര്‍ ദിക്കുകളിലേക്ക് ദൃഷ്ടി പായിച്ചു മനം കനപ്പിച്ചു ഇരുവരും..
നാം ബസ് സ്ടോപ്പുകളിലും മറ്റും കാണാറുള്ള  കിന്നാരക്കിളികളുടെ അപരിചിതത്വം പോലെ എതിര്‍ ദിശകളില്‍ ലക്‌ഷ്യം വെച്ചു..
എത്ര നേരം ഇങ്ങനെ നിയന്ത്രിക്കും.
മനസ്സ് പിടിവിട്ടു പോകും
പതുക്കെ  വലത്തോട്ടു തല തിരിക്കാം.ദൂരേക്ക്‌ തന്നെ നോട്ടം
ഉം..നോക്കുന്നുണ്ട്
ഇരുവരുടെയും ഉള്‍ക്കണ്ണില്‍   വിദൂരക്കാഴ്ച്ചയല്ല
അകലം അളന്നു അടുക്കുകയാണോ എന്നു ഒരു തോന്നല്‍. 

 
 ഇടത്തോട്ട് നോക്കിയാലോ ..ഇങ്ങോട്ട് നോക്കിയാ സ്ഥിതിക്ക് വിട്ടു വീഴ്ച കാണിക്കണ്ടേ..
തല തിരിച്ചത് പെട്ടെന്ന്.
ഈ മുഹൂര്‍ത്തം പ്രതീക്ഷിച്ച മാതിരി നോട്ടം മുട്ടും മുന്‍പേ ഇടത്തോട്ടു തല വെട്ടിച്ചു  കളഞ്ഞു.
മൂക നാടകം അടുത്ത രംഗം എങ്ങനെ ?
അകലെ നിന്നും ആരോ വരുന്നുവല്ലോ ആരാണ് വല്ല പരിചയവും ഉണ്ടോ എന്ന മട്ടിലാണ് ഇരുവരുടെയും നോട്ടം.ആരും ദൂരെ ഇല്ലെങ്കിലും..
"പേരെന്താ?"
"ഇപ്പോഴെങ്ങാണ് മഴ പെയ്യുമോ ?"
കുശലം ചോദിച്ചാലോ ..
എന്തിന് ശങ്കിക്കണം ..ഒരാളോട് വര്‍ത്തമാനം പറഞ്ഞാല്‍ മാനം ഇടിയുമോ?
 ഇരുവരും മുഖം തിരിച്ചതും ഒരേ ചോദ്യം ചോദിച്ചതും ഒരേ സമയം
എന്താ ചോദിച്ചതെന്നോ എന്താ പറഞ്ഞതെന്നോ രണ്ടാള്‍ക്കും തിരിഞ്ഞില്ല
അല്ലെങ്കില്‍ അതിന്റെ ഉത്തരം ഒന്നായിരുന്നു 
ഇനി എങ്ങനെ തുടങ്ങും 
സ്വപ്നങ്ങളും വാക്കുകളും
റീയല്‍ ലവ്  ആഗ്രഹിക്കുന്ന കവിത കണ്ണില്‍
കാടിന്റെ സൌഭാഗ്യങ്ങള്‍ തേടുന്ന മോഹങ്ങള്‍
 
അമൃതമഴ പെയ്യാന്‍ തുടങ്ങുന്ന നിമിഷങ്ങള്‍ എങ്ങനെ ആണ് പിറക്കുക?
ഇങ്ങനെ?


 കാത്തു വെച്ചതൊക്കെ കാതില്‍ പറയാം
ഹൃദയം വര്‍ത്തമാനം പറയാന്‍ തുടങ്ങി.
പ്രണയ വേഴാമ്പലുകള്‍
അവര്‍ അവരുടെ ആകാശം കണ്ടെത്തി
അവരുടെ കാനനം വിളിക്കുന്നു .
ഇനി ഇവിടെ നില്‍ക്കുന്നത് അനുചിതം

Friday, August 19, 2011

വേളിയില്‍ അപൂര്‍വ ഗന്ധര്‍വനിമിഷങ്ങള്‍


വേളി
തപോവന ശാന്തിയുടെ പകല്‍  വിളിക്കുന്നു
പ്രണയമാനസം ചേക്കേറുന്ന തണല്‍  കുളിരിലേക്കു കൈ നീട്ടുന്നതിവിടെ
അശാന്ത ഹൃദയങ്ങള്‍ക്ക്‌ , വിരഹികള്‍ക്ക് , ജീവിതം തളിര്‍ക്കുന്ന യുവസ്വപ്നങ്ങള്‍ക്ക് ..എല്ലാവര്‍ക്കും ഇവിടെ ഇടം
ഒറ്റപ്പെട്ടവര്‍ക്ക് ദീര്‍ഘമൌനം ഇറക്കിവെക്കാന്‍ ഓളങ്ങളിലേക്ക് പടവുകള്‍ ..
അപ്പുറം  കടല്‍ കലഹിക്കുന്നു .ഇപ്പുറം ശാന്തമായ ജലാശയം
കടല്‍ക്ഷോഭവും കായല്‍മൌനവും വേര്‍തിരിക്കുന്ന മണല്‍ത്തിട്ട





ഒരു തോണി
രഹസ്യങ്ങള്‍ നീന്തി തുടിക്കുന്ന രാവുകളില്‍ സമുദ്രം അതിന്റെ ജലവഴികള്‍ തുറന്നു കൊടുത്തിട്ടുണ്ടാകും.
ഈ കാക്കകളെ പോലെയാണ് തീരം തേടുന്നവരും.ഓരോ കാക്കയ്ക്കും ഓരോ കാഴ്ച .ഓരോ കടല്‍ ..എങ്കിലും കടല്‍ക്കരയീല് ഒത്തുകൂടുന്നു .
എന്തൊക്കെയോ ഓര്‍മ്മകള്‍ ചിറകടിച്ചു പറക്കും .പിന്നെ അവ ചിറകൊതുക്കും.
എവിടേക്കോ പിരിയും ...വീണ്ടും കാണാമെന്നു കാ ..കാ.
തോണിയുടെ അപ്പുറം
വേണ്ട ..അവിടേക്ക് പോകേണ്ട..
അവിടെ ഒരു മത്സ്യഗന്ധി നിറയൌവ്വനത്തില്‍  നിന്നും വലക്കുരുക്കുകള്‍ അഴിച്ചു എടുക്കുകയാനെങ്കിലോ
അല്ലെങ്കില്‍ കറുത്തമ്മ അവളെ വീണ്ടെടുക്കുയാനെന്കിലോ..
ആ മറവു തോണിയുടെ ആര്‍ദ്രമായ സ്നേഹം ആണെന്ന് കരുതുക.
കടല്‍ സാക്ഷി


അസംഖ്യം പാദസ്പര്‍ശങ്ങള്‍
കാറ്റ് അതിന്മേല്‍ തരികള്‍ കൊണ്ടിടും
തിരകള്‍ അവ തലോടി മായ്ക്കും
പുതിയ സഞ്ചാരികള്‍ മുന്നേ വന്നവരുടെ ചുവടടയാളങ്ങള്‍ക്ക് മേല്‍ പാദമുദ്ര  ചേര്‍ത്തു വെക്കും
ലോക ജീവിതം പോലെ വരവും പോക്കും
സാഗരം ദൂരെ നിന്നും നമ്മെ കാണുമ്പോള്‍ ഓടിയെത്തും
കാണാന്‍ കൊതിച്ചു കൊതിച്ചു വീര്‍പ്പു മുട്ടിയ തിരകള്‍
അടുത്ത് വരുമ്പോള്‍ സ്നേഹപൂരിതം
മനസ്സിലേക്ക് അതു ലയിച്ചു ചേരും
ഹൃദയം അപ്പോള്‍ തുടിക്കും.
ഓരോ തിരയും പിന്‍ വാങ്ങുന്നത് ഒരു സമുദ്രം ഉള്ളില്‍ നിറച്ചിട്ടാണ്  
എങ്കിലും വിളിക്കാതെ വയ്യ
എന്‍റെ മോഹസമുദ്രമേ വരൂ എന്നിലേക്ക്‌
നിന്റെ സന്ധ്യകള്‍ ,പുലരികള്‍ ...

തീരത്ത് നിന്നും മടങ്ങുമ്പോള്‍ തിരിഞ്ഞു നോക്കിയിട്ടുണ്ടോ
കടല്‍ ഹൃദയത്തെ  നിങ്ങള്‍ തൊട്ടുവെങ്കില്‍ ഇതാ ഇതുപോലെ തിര നിശബ്ദമാകും
വേദനയുടെ അമര്‍ത്തിപ്പിടിച്ച നിസ്സഹായത..
ഇനി എപ്പോഴാണ് വീണ്ടും..?
അപൂര്‍ണമാക്കപ്പെട്ട ഒരു പ്രതീക്ഷയുടെ നേര്മയില്‍ ഓളം അയഞ്ഞു പോകും.


കടല്‍ ഇരമ്പങ്ങള്‍ ആവാഹിച്ചു ഉറങ്ങിക്കിടക്കുന്ന  ശംഖുകള്‍
ജലത്തില്‍ കാറ്റ് വീഴാതെ മാറി നിന്നു
ഇലകള്‍ കാതോര്‍ത്തു
ഏതു മുനിയുടെ എകാഗ്ര മനസ്സിലേക്കാണ് രാഗവിവശമായ അപൂര്‍വ നാദം പെട്ടെന്ന് ഉണരുക
ശില്പി ജലത്തിലേക്ക് ഇറക്കി വെച്ച ശംഖു അതിന്റെ അര്‍ദ്ധനഗ്നമായ ഉടല്‍ വെണ്മയില്‍ പ്രണയ സങ്കീര്‍ത്തനം പുതച്ചു
അതു കൊണ്ടാണ് നാം ഇവിടെ ഒട്ടി നിന്നു പോകുന്നത്

പ്രകൃതിയുടെ ശയനം
സമൃദ്ധമായ ഭംഗിയില്‍
വേളിയുടെ വടിവുകള്‍
ഇതു പോലെ മാനത്തിനു കീഴെ വിടരാന്‍ ..
ആലസ്യത്തിന്റെ പകല്‍ മയക്കം ആസ്വദിക്കാന്‍ ആഗ്രഹിച്ചേക്കാം
കമിഴ്ന്നു കിടക്കുന്ന ഒരു കന്യക
ഉടലിന്റെ തരംഗ വടിവേലേക്ക് കടല്‍ക്കാറ്റ് തലോടി .
കാറ്റ് സമാനതരംഗം  കടലില്‍ തീര്‍ക്കാന്‍ ഓരോ തവണയും ശ്രമിച്ചു  പരാജയപ്പെട്ടു കൊണ്ടിരുന്നു.
എവിടെയാണ് അളവ് തെറ്റിയത്
അവള്‍ അങ്ങനെ കാറ്റിനു വശപ്പെട്ടു കിടപ്പാണ്
ഏതോ കാലം ആരോ ശപിച്ചതാണോ ഈ കിടത്തം
വേളി  രാത്രിയില്‍ കവിത ചൊല്ലുമ്പോള്‍ ഇവള്‍ക്കു  മോക്ഷം
മദ്ധ്യാഹ്നത്ത്തിലേക്ക് പകല്‍ കടക്കുമ്പോള്‍ പൌരാണികമായ വനസൌന്ദര്യം ഇവളില്‍ നിറയും
കാട്ടു പൂവിന്റെ സുഗന്ധവും
കാട്ടു തേനിന്റെ മാധുര്യവും മൊത്തിക്കുടിച്ചു സൂര്യന്‍ അവളിലേക്ക്‌ ഇറങ്ങി വരും
അതേ കിടപ്പില്‍ അവള്‍ തുടരും.
ഇനി വരുമ്പോഴും ഇങ്ങനെ
ഒരു പക്ഷെ രാവില്‍ നമ്മുക്ക് വെളിയില്‍ പ്രവേശനം അനുവദിക്കാത്തത്
ഇവളുടെ  രഹസ്യം ആനാവൃതമാകുന്ന ഗന്ധര്‍വ നിമിഷങ്ങള്‍ അവളുടേത്‌ മാത്രമാകാനാകും.
എങ്കില്‍ ആ തീരുമാനം മാനിക്കപ്പെടനം
വരൂ പോകാം


Tuesday, August 2, 2011

ഓരോരോ യാത്രകള്‍ -സാരമില്ലാത്ത കാഴ്ചകള്‍



വെറുതെ നോക്കുക ,കണ്ണിമ വെട്ടാതെ കാമുകിയുടെ കണ്ണിലെക്കെന്ന പോലെ  ദൂരപ്പരപ്പില്‍ എഴുതിയ പച്ചപ്പ്‌ കാഴ്ചയില്‍ യാത്രയുടെ അര്‍ഥം പറഞ്ഞു തരും. 
അത് കൊണ്ടാണ് തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ നാം ജനാലയുടെ വശം  ചേര്‍ന്നിരിക്കാന്‍ ആഗ്രഹിക്കുന്നത്.
ഒരു യാത്ര ,അല്ല ഓരോ യാത്രയും അകലങ്ങളിലേക്ക് കണ്ണ് പായിക്കലാണ്. അതിരിന്റെ അതിരുകള്‍ എവിടെ എന്ന് മനസ്സ് ചോദിക്കുന്നു.


കാലിടറി തെന്നി വീഴും പോലെ  പച്ചയില്‍ നിന്നും ഉണക്ക ജീവിതത്തിലേക്ക്കണ്ണിടറി വീഴും.
തീവണ്ടി വലിഞ്ഞു നീങ്ങും.അപ്പോള്‍  തെളിഞ്ഞു വരും
ദീനതയുടെ സമാന്തര രേഖകള്‍ക്കിടയില്‍ വരച്ചു മുട്ടിക്കാനാവത്ത ചെറിയ  ജീവിതങ്ങള്‍ .
മുന്‍പ് കണ്ട പാടത്ത് നിന്നുമാണ് മേല്‍കൂര ആശിര്‍വദിക്കപ്പെട്ടത്.
കുടിലുകളുടെ കൂട്ടങ്ങള്‍
ബി പി എല്‍ -അതാണ്‌ ഇപ്പോഴത്തെ ഓമന വചനം. അതിദരിദ്രര്‍/പരമ ദരിദ്രര്‍  എന്ന് പറഞ്ഞാല്‍ വേഗം മനസ്സിലായാലോ. ഇംഗ്ലീഷ് മീഡിയം തന്നെ ആകട്ടെ ഇതിലും.
 നമ്മെ കുപ്പിച്ചില്ല് കൊണ്ട് കുത്തുന്ന  ചില കാഴ്ചകള്‍ .
മുഖം തിരിചില്ലെങ്കില്‍ അകം മുറിയും.





എതിരെ ഇരിക്കുന്നവര്‍ .
അവരും  മുഖത്തെ പ്രകാശം പിന്‍ വലിച്ചു. 
അഴികളില്‍ വിരലുകള്‍ ചുറ്റിയപ്പോള്‍  അകത്തേക്ക് കയറാന്‍ മടിച്ചു  പ്രകാശം എന്തോ...


പകലുകള്‍ പറഞ്ഞു എല്ലാം അപരിചിതം .
വല്ലാത്ത നരച്ച  നിശബ്ദത .ഓരോരോ യാത്രകള്‍.
കമ്പാര്‍ട്ടുമെന്റില്‍ പ്രസാദം കുറഞ്ഞു വന്നു. 
.കച്ചവടക്കാരും ഇല്ല, കലഹക്കാരും ഇല്ല. തീവണ്ടി പുലമ്പുന്നത് തിരിയുന്നുമില്ല
വിളക്ക് തൂണിനു ചുവട്ടില്‍ പുലരി മഞ്ഞിന് വിലക്ക്.
വെളിച്ചം വിളക്ക് കെടുത്തുന്ന കാഴ്ച .
ആരൊക്കെയോ തണല്‍ തേടി വന്നിട്ടുണ്ടാകും ഈ നിഴല്‍ മരചോട്ടില്‍
ഇതാ ഒരു ബഞ്ച് ..
ആളൊഴിഞ്ഞ ബെഞ്ചുകള്‍ 
പ്രണയികളുടെ ,അനാഥകളുടെ.വൃദ്ധ മാതാക്കളുടെ
നിശ്വാസങ്ങള്‍ അതില്‍ നനവ്‌ പടര്ത്തിയോ 
യാത്രികര്‍ വളരെ കുറവ് മാത്രം ഇറങ്ങാറുള്ള സ്റെഷനുകളില്‍ പടരുന്നത്‌ അവച്യമായ മൌനം തന്നെ.
ഒരു കൊടി വീശലും ഇരമ്പവും കൊണ്ടുനരുകയും അപ്പോള്‍ തന്നെ മരിക്കുകയും ചെയ്യുന്ന നീണ്ട തറ ...
ജരാനരയുടെ മുഖചിത്രം പോലെ.




വീണ്ടും ഒരു പുതിയ അധ്യായം പോലെ പാടം.
വാതിലില്‍ നിന്നാല്‍ മറയില്ലാതെ ..
അടങ്ങിക്കിടപ്പുണ്ടാകും ഞാറ്റു പാട്ടുകള്‍.
ഇനി എന്നാണു കൊയ്ത്തുപാട്ടിലേക്ക് നാമ്പ് നീട്ടുക.
തീവണ്ടിയുടെ ആക്രോശ ഗാനം കേട്ട് അവയുടെ നാവു പിഴച്ചു പോകുമോ.
ദൂരത്തുള്ള തുരുത്തുകള്‍.
അവ ഓര്‍മകളുടെ ദൂരം അളന്നു.
ഇത് പോലെ എവിടെയോ വെച്ച് ഞാന്‍ എന്റെ വരമ്പുകളിലൂടെ നടന്നിട്ടുണ്ട്.
.
മണ്ണിനു ഒരു രാത്രി കൊണ്ട് കിട്ടിയ അതിവിശേഷങ്ങള്‍,
മഴക്കാലനീരുറവയുടെ ഒരു തലോടല്‍ .
.മാനത്തുകണ്ണികളുടെ തുള്ളിനീങ്ങല്‍ ..
കുഞ്ഞു തവളകളുടെ കാവല്‍ കുതിപ്പ്.
കൈക്കുമ്പിളില്‍ നിറഞ്ഞു കവിയുന്ന സ്നേഹം 
അതെ ഓര്‍മകളുടെ യാത്ര .
ഓരോ പുതിയ യാത്രയും ഇന്നലകളുടെ പാളങ്ങളില്‍ ആണോടുന്നത്
ചില കാഴ്ചകള്‍ ..അത് ആദ്യം നിസ്സാരതയോടെ കണ്ണിലേക്കു ചുവടു വെക്കും
പിന്നെ അത് കൊളുത്തി വലിക്കും
ഏതോ പഴയ ആലയം.
മതില്‍ കെട്ടി തിരിച്ചു ആരൊക്കെയോ പാര്‍ത്തിരുന്നു.
 .
കാലാന്തരത്തില്‍ വന്മരങ്ങള്‍ കടം ചോദിച്ചു ചെന്ന് 
വേര് കൊണ്ട് ദാസ്യം കാട്ടി.
പടുത്തിയര്ത്തിയ കോട്ടകളുടെ ശക്തിയും ദൌര്‍ബല്യവും തേടി
നിര്മിതികളുടെ മേലെ അവയുടെ അഹങ്കാരത്തെ  മൂടി ഇലകളും വള്ളികളും കിളികളെ കൊണ്ട് വന്നു കവിത ചൊല്ലിച്ചിട്ടുണ്ടാകും..
ഞാന്‍ കേട്ടുവോ   കവിതയുടെ സ്പര്‍ശം. 
കാനന ഹൃദയത്തില്‍ നിന്നും കടലിലേക്ക്‌ ഒഴുകുന്ന
കവിതകളുടെ  പച്ചപന്തല്‍ തീരത്ത്
ട്രെയിന്‍ ഇടവേള വിശ്രമം നേര്‍ന്നു.


ഒരു മരം 
അതിന്റെ പുരാലിഖിതങ്ങള്‍
വരണ്ടതോ വിണ്ടു കീറിയതോ ഈ തണല്‍ 
മേല്ക്കാഴ്കാഴ്ചയില്‍ പാര്‍വത നിരകള്‍ പോലെ നീണ്ടു കിടക്കുന്ന പരുക്കന്‍ പ്രതലങ്ങള്‍.
ഉള്ളിലെവിടെയോ മാധുര്യമുള്ള കനികളുടെ ,സുഗന്ധമുള്ള പുഷ്പങ്ങളുടെ
കണികകള്‍ തുടിക്കുന്നുണ്ടാകും.
യാത്രികാ നീ മാത്രമാണല്ലോ എന്നെ കാണാന്‍ വന്നത്
ഏതോ അപൂര്‍വ ബന്ധം വിളിചിട്ടുണ്ടാകും

ട്രെയിന്‍ നീങ്ങി തുടങ്ങി