വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Friday, April 15, 2011

വയനാടന്‍ ചുരം ഒറ്റയ്ക്ക് കേറരുത്..

അതിരാവിലെ കോഴിക്കോട് നിന്നും പുറപ്പെടണം .
നാല് മണിക്ക് തന്നെ ജീപ്പില്‍ കയറി. നല്ല തണുപ്പ്.
ജീപ്പിന്റെ മുന്‍ സീറ്റില്‍ സ്ഥാനം പിടിച്ചു.വയനാട് യാത്ര അനുഭവിക്കാന്‍ അതാണ്‌ ഒരു മാര്‍ഗം.വളവും തിരിവും തുടങ്ങിയപ്പോള്‍ മഞ്ഞു മലമടക്കുകളില്‍ കൂടി നിറഞ്ഞൊഴുകാന്‍ തുടങ്ങി. യാത്രയുടെ വേഗത കുറച്ചു.ഇടതു വശം ആഴവും പച്ചപ്പും ..

വണ്ടിയിലിരുന്നു കണ്ടാല്‍ സുഖം പോര. തന്നെയുമല്ല ഞങ്ങളോടൊപ്പം ആദ്യമായി വരുന്നവരും ഉണ്ട്. . വിനയം കൊണ്ടാവുംഅവര്‍ വണ്ടി നിറുത്താന്‍ പറഞ്ഞില്ല . പക്ഷെ മനസ്സിലെ ആഗ്രഹം കേള്‍ക്കാമായിരുന്നു. കാഴ്ച്ചയുടെ കവാടം തുറന്നു തരുന്നഒരു ബിന്ദു നോക്കി വണ്ടി നിന്നു. ഞാന്‍ ഇറങ്ങി. മരത്തില്‍ ചാഞ്ചാട്ടം.

വാനരകുടുംബം അസന്തുഷ്ടി പ്രകടിപ്പിച്ചു.അപ്പോള്‍ മഞ്ഞു മറുവശത്ത് ...

കണ്ണുകള്‍ വിടര്‍ന്നു .കാഴ്ച താഴേക്കു ഊര്‍ന്നിറങ്ങി തണുത്ത കാറ്റ് അടിക്കുറിപ്പെഴുതിയ മഞ്ഞില്‍ തൊട്ടപ്പോള്‍ കിടുകിടാ വിറയല്‍ .
ആകാശം ഒലിച്ചിറങ്ങി താഴ്വാരങ്ങള്‍ മൂടുകയാണോ അതോ മഞ്ഞു പടര്‍ന്നു കേറി മാനം നിറയുകയാണോ..

ചില കുന്നുകള്‍ മഞ്ഞില്‍ മുങ്ങി .പ്രഭാത സ്നാനം. കാഴ്ച ഒരിക്കലും മറക്കില്ല. മനസ്സുകളില്‍ തൂമഞ്ഞുവിശുദ്ധി സ്നേഹപൂര്‍വ്വം നിറയുമ്പോള്‍ സമാനമനസ്സിന്‍ സാന്നിധ്യം അലൌകികമായ ആനന്ദം നിറയ്ക്കും. മഞ്ഞലകള്‍ വെന്മേഘങ്ങളിലേക്ക് കൈകോര്‍ക്കും അത്യപൂര്‍വമായ അനുഭവം ചുരം ഇറങ്ങി വരും.അത് കൊണ്ടാണ് പുലരിയില്‍ ഒറ്റയ്ക്ക് ചുരം കയറരുതെന്ന് പറഞ്ഞത്.


ചങ്ങല്യ്കിട്ട ഒരു മരം. ഓര്‍മകളില്‍ പാണന്റെ തുടി പഴം പാട്ട് പാടി.വനസൌന്ദര്യ ത്തിലേക്ക് സൌഭാഗ്യത്ത്തിലേക്ക് വെള്ളക്കാരന് വഴികാട്ടിയ നിഷ്കളങ്ക ആദിവാസിയുടെ ജീവനെ കശക്കി എറിഞ്ഞ ചതിയുടെ അധിനിവേശം -
"അധികാരം -വഴികാട്ടിയോന്‍ -കുരുതിചോര- അലയുന്ന ആത്മാവ്
-പിടിച്ചു കെട്ടല്‍ -ശാന്തി-"ഈ കഥയില്‍ കൊടിയ അനീതിക്കെതിരെ മരണാനന്തരവും കലഹിച്ച അടങ്ങാത്ത പ്രതികാരത്തെ ചങ്ങലക്കിടുന്ന മേലാള താത്പര്യം തന്നെയാണോ പ്രതിഫലിക്കുന്നത്..ഈ മരം ഈ ചങ്ങല ആദിവാസി ജനതയുടെ ചങ്ങല ജീവിതത്തെ ഓര്‍മിപ്പിച്ചു

ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനത്തില്‍ ചെന്നപ്പോള്‍ ഒരു വാല്‍മീകം.എന്നോളം ഉയരം. കര്‍ണാടകത്തില്‍ സഞ്ചരിച്ചപ്പോള്‍ ഇതേപോലെ വലിയ ചിതല്‍ പുറ്റുകള്‍ കണ്ടിട്ടുള്ളത് ഒര്‍മ വന്നു. ..കര്‍ണാടകത്തിന്റെ അതിരടുത്താണല്ലോ.കുട്ടിക്കാലത്ത് എന്‍റെ നാട്ടില്‍ ചിതല്‍ പുറ്റുകള്‍ ഉണ്ടായിരുന്നു. അവയുടെ അടുത്ത് ചെല്ലാന്‍ ആരും അനുവദിക്കില്ല . ഞങ്ങള്‍ കുട്ടികള്‍ക്ക് ആരുടെ അനുവാദം വേണം.? ഞങ്ങള്‍ ഗവേഷകര്‍ അതിന്റെ തല അറുക്കും. അടുത്ത ദിവസം അതു പഴയ പോലെ..

ഇടക്കല്‍ ഗുഹ. പുരാതന സംസ്കാരത്തിന്റെ നെറുകയിലേക്ക് കയറിച്ചെല്ലുക പ്രയാസം ചിലര്‍ പാതി വഴിയില്‍ വെച്ച് കുഴപ്പി മടങ്ങുന്നത് കണ്ടു. കൈവരി ഉണ്ടെങ്കിലും കയറ്റം പാടാണ്‌.വലിഞ്ഞു കയറുക തന്നെ.കുന്നിലേക്കുള്ള ഇടുങ്ങിയ വഴിയുടെ സൌന്ദര്യം . സാഹസികത സൌന്ദര്യാനുഭൂതി നല്‍കും ആര്‍ക്കും ഇപ്പോഴും എവിടെയും.കയറിചെന്നപ്പൊഴോ ..പാറക്കൂട്ടങ്ങളുടെ കുസൃതി വെല്ലുവിളിച്ചു. ചുണയുണ്ടെങ്കില്‍ കടന്നു വരൂ. ഞാന്‍ കൂസലില്ലാതെ അവയുടെ ഉള്‍ ത്തടത്തിലേക്കിറങ്ങി .

മേലാകാശം നീലിമയുടെ ചന്തം കാട്ടി ചിരിച്ചു. പെട്ടെന്ന് ഞാന്‍ കാലം കടന്നു പോയത് തൊട്ടറിഞ്ഞു. ഭൂതകാലം എനിക്ക് ആവരണം .
.ഞാന്‍ കാലത്തെ വായിക്കാന്‍ ശ്രമിച്ചു.
ലിഖിതങ്ങളില്‍ ,അവയുടെ വ്യാഖ്യാനങ്ങളില്‍ സംസ്കൃതിയുടെ വേരുകള്‍ ആഴം തേടി.

കാലത്തില്‍ നിന്നും പുറത്തേക്ക് കടന്നു. വര്‍ത്തമാനം തലയുയര്‍ത്തി നില്‍ക്കുന്നു.
ശാഖകള്‍
വിടര്‍ത്തി ഇല വിരിച്ചു തണല്‍ പാകി ..
വേരുകള്‍
മണ്ണില്‍ അജ്ഞാതമായ ലിപികള്‍ എഴുതിക്കൊണ്ടിരുന്നു.
ഗുഹയ്ക്ക് പുറത്ത് കടന്നപ്പോള്‍ കുന്നിന്റെ അപ്പുറം കാണാന്‍ മോഹം അവിടേക്ക് നടന്നു.വലിയ പാറകളുടെ അകമ്പടിക്കാഴ്ചകള്‍.
പാറകള്‍ കൊതിപ്പിക്കും.
എന്‍റെ
നാട്ടില്‍ ചുട്ടിപ്പാറ ഉണ്ട്. അതിന്റെ മുകളില്‍ കയറിയാല്‍ നല്ല കാറ്റ് വരും. പരുന്തുകള്‍ വട്ടം ചുറ്റി വട്ടം ചുറ്റി അങ്ങനെ കാറ്റില്‍ ചിലപ്പോള്‍ നിശ്ചലമായി..
ചടയ
മംഗലത്ത് ജടായുപ്പാറ കയറിയ അനുഭവം ഓര്‍മയില്‍ വന്നു.
കുറെ
ചെറുപ്പക്കാര്‍ ഉയരങ്ങളിലേക്ക് പിടിച്ചു പിടിച്ചു കയറുന്നുണ്ടായിരുന്നു.
എനിക്ക്
അതിയായ ആഗ്രഹം .പക്ഷെ ..അപ്പുറം കാഴ്ച വിളിച്ചു.
"ദാ ദൂരെ കാണുന്നത് കര്‍ണാടകമാ ...".
ആരോ
പറയുന്നത് കേട്ടു."തമിഴ് നാട്ടിലേക്ക് പോകാന്‍ അതുവഴി പോയാല്‍ മതി "മറ്റൊരാള്‍ വിരല്‍ചൂണ്ടി.ശരിയാണോ .അതെ മൂന്നു സംസ്ഥാനങ്ങള്‍ അതിര് വിടാതെ ഒത്തുചേരുന്ന മുത്തങ്ങ വനം അടുത്താണല്ലോ..ഏതായാലും വിശാലത മറുനാടന്‍ മണമുള്ളത്.
കുന്നിന്റെ അടിവാരം എല്ലാവിധ കൃഷിയുടെയും വിളനിലം

ഇടക്കല്‍ മലയിറങ്ങി ക്ഷീണം തീര്‍ക്കാന്‍ തീരുമാനിച്ചു.അവിടെ ദാഹജലം വില്പനയ്ക്കുണ്ട്. ചൂട് ചായയും.അപ്പോഴാണ്‌ മരങ്ങളില്‍ കണ്ണുടക്കിയത്. തണുത്ത കാലാവസ്ഥയുടെ കാവല്‍മരങ്ങള്‍. ക്യാമറ ഉണര്‍ന്നു.


ഇനി മ്യൂസിയം കാണണം.നവീന ശിലായുഗത്തിന്റെ ശേഷിപ്പുകള്‍ അമ്പുകുത്തി മലയിലും സമീപ പ്രദേശങ്ങളിലും നിന്നും ചികഞ്ഞെടുത്ത അന്വേഷകര്‍...
മധ്യകാലത്തിന്റെ
സമ്പന്നമായ സംസ്കാരത്തിന്റെ അടയാളങ്ങള്‍ വീരക്കല്ലായി, പുരാതന ലിപികളില്‍ എഴുതിയ അജ്ഞാത സന്ദേശങ്ങളായി, ശിലകളില്‍ കൊത്തിയ സൌന്ദര്യ ആവിഷ്കാരങ്ങളായി മണ്ണില്‍ ചുട്ടെടുത്ത അറിവുകളായി പല രൂപങ്ങളില്‍ അവിടെ.
കാടിന്‍ മടിത്തട്ടുകളില്‍ എവിടെയൊക്കെയോ മറവു ചെയ്യപ്പെട്ടു.
അതില്‍ ചിലത് ഞാന്‍ കണ്ടു നമിച്ചു.
സഹസ്രാബ്ദങ്ങള്‍ കഴിയുമ്പോള്‍....
നമ്മുടെ ഈ കാണുന്ന ആര്‍ഭാടങ്ങള്‍, ജീവിതത്തിന്റെ പോലിമകള്‍. കണ്ടെത്തലുകള്‍
എല്ലാം പ്രാകൃതമാകുകയും ... അവ ആരെങ്കിലും ചികഞ്ഞെടുത്തു കാഴ്ചയ്ക്ക് വെക്കുമല്ലോ ...ഈ ചിന്ത എന്നിലൂടെ കടന്നു പോയി.
ഞാന്‍ ഒരു കാഴ്ചവസ്തുവായി ചൂരല്‍ മെടഞ്ഞ ഏതോ വല്ലത്തില്‍ പെട്ടപോലെ... .


പുറത്തിറങ്ങിയപ്പോള്‍ ഒരു മരം .
അതിന്റെ ചുവട്ടില്‍ സന്ധ്യ വിരുന്നു ഒരുക്കാന്‍ തുടങ്ങുന്നു.ഞാന്‍ അവിടേക്ക് നടന്നു.
.ആകാശത്തിലേക്ക് വളര്‍ന്ന ശാഖകളില്‍ നക്ഷത്രങ്ങള്‍ വിരിയുന്ന നേരത്തിനായി ഞാന്‍
.
...ആരോ ഒപ്പം വരുന്നപോലെ.



5 comments:

  1. എഴുത്തും ചിത്രങ്ങളും വളരെ ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  2. നല്ല ചിത്രങ്ങള്‍..ചെറിയ വരികളില്‍ ഒതുക്കിയ വിവരണത്തില്‍ മാത്രം എതിര്‍പ്പുണ്ട്.......സസ്നേഹം

    ReplyDelete
  3. ചിത്രങ്ങളും വരികളും വളരെ നന്നായിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
  4. നൈസ്...
    വിവരണവും ഫോട്ടോകളും അടി പൊളി..
    വെൽഡൺ

    ReplyDelete
  5. വയനാടന്‍ ചുരം കയറിയ ഓര്‍മകളില്‍ ..ഈ വിവരണം കൂടുതല്‍ അര്‍ത്ഥവത്തായ പോലെ ...

    ReplyDelete