വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Tuesday, March 29, 2011

കാശ്മീരക്കാഴ്ചകളില്‍ ഭയവും ആനന്ദവും .

കാശ്മീരില്‍ഇറങ്ങുമ്പോള്‍ ആകെ ഭയം
ശരീരം അരിച്ചു പെറുക്കിയുള്ള ചെക്കിംഗ്..വിമാനത്താവളം മുതല്‍ . പട്ടാളം..ചാണകപ്പച്ച പുതച്ച വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വെരുളി പിടിച്ചു പായുന്നു...ഓരോ കവലയിലും സ്ഥാപനങ്ങളുടെ മുമ്പിലും ജാഗ്രതയോടെ ഉന്നം പിടിച്ചിരിക്കുന്ന തോക്കുകള്‍...

.ഭീകരന്മാര്‍..തീവ്രവാദികള്‍..ആക്രമണം..കലാപം..ഒക്കെ മനസ്സില്‍ .ഇന്ത്യയിലെ ഓരോ പൌരനും എന്‍റെ സഹോദരീ സഹോദരന്മാരാണ് എന്നു മനസ്സില്‍ ഉരുവിട്ട് ഞാന്‍..
ഹോട്ടലിലേക്ക് കാര്‍ തിരിഞ്ഞപ്പോള്‍ അവിടെയും പട്ടാളം.മണല്‍ ചാക്ക് നിറച്ച മറയ്ക്കുള്ളില്‍ തോക്കിന്‍ കുഴല്‍ മാത്രം പുറത്തേക്ക്. മരണത്തിന്റെ ഏതോ കിളി കൂടിനുള്ളില്‍ നിന്നും നീണ്ട കൊക്ക് പുറത്തേക്കിടും
പോലെ..അപ്പോഴാണ്‌ മറ്റൊരു കാര്യം കണ്ണില്‍ പെട്ടത്. മതിലിനു മുകളില്‍ ഉയരത്തില്‍ മുള്ള് കമ്പി വേലി ഉള്ള കെട്ടിടങ്ങള്‍..എല്ലാ സര്‍ക്കാരോഫീസുകളും മുളളിനകത്താണ്.. സുരക്ഷ..
ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് ഇവിടെയാണ്‌ ഇവിടെയാണ്‌ എന്നു പറഞ്ഞ മുഗള ചക്രവര്‍ത്തി ഒരു പരിഹാസരൂപമായോ..
യാത്രാക്ഷീണം.മുറിയില്‍ എ സി തണുപ്പ് കുളിരിട്ടു .ഉറങ്ങാന്‍ കിടന്നപ്പോള്‍ പ്രഭാതമായിരുന്നു മനസ്സില്‍..മഞ്ഞു പുതച്ച പ്രഭാതം.(എനിക്ക് ഡല്‍ഹി തണുപ്പ് മാത്രമാണ് പരിചയമുള്ളതില്‍ കേമന്‍.).അതിന്റെ എത്രയോ ഇരട്ടി തണുപ്പായിരിക്കും ഇവിടെ .ഞാന്‍ ഓര്‍ത്തു..
ഉണര്‍ന്നു കമ്പിളി എല്ലാം വാരിപുതച്ചു .
കണ്ണാടി നോക്കി.ഒരു ഭീകരനായോ?.പട്ടാളം വെച്ച് കാച്ചുമോ.. ചെറിയ പേടി.എന്നാലും ഇറങ്ങുക തന്നെ.
ഹോട്ടലിനു പുറത്തിറങ്ങിയപ്പോള്‍ നാണിച്ചു പൊയ്. ഐസ് വീണു കട്ടിവെള്ള പുതച്ച പുലരി എവിടെ?
പത്തനം തിട്ടയില്‍ ഡിസംബറില്‍ ഇതിലും തണുപ്പുണ്ട്..!തിരികെ റൂമില്‍ പോയി കമ്പിളി ഊരി കിടക്കയില്‍ വലിച്ചെറിഞ്ഞു. ഒരു ഷാളും ചുറ്റി പുറത്തേക്ക്..അപ്പോള്‍ തോന്നി എന്‍റെ ഒരു ഫോട്ടോ മൊബൈലില്‍ എടുത്തേക്കാം.വല്ല ഭീകരാക്രമണം വല്ലതും വന്നു തട്ടിപ്പോയാല്‍ ആളെ തിരിച്ചറിയാന്‍..കണ്ണാടിക്കു നേരെ പോസ് ചെയ്തു .ക്ലിക്ക്.!
ഹോട്ടലില്‍ നിന്നും നിന്നും പുറത്തേക്ക് നടന്നു.
ദാല്‍ തടാകം ..തന്നെ ലക്‌ഷ്യം .കവലയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞപ്പോള്‍ .തുരുതുരാ...വെടി ശബ്ദം..നടുക്കത്തോടെ ഒതുങ്ങി. ചെവിയോര്‍ത്ത്‌..ഹാവൂ.വെടിയല്ല,ഇടി മുഴക്കം. പിന്നെ വഴിപാടു പോലെ.ചെറിയ ചാറ്റല്‍ മഴ. ഒരു കൊച്ചു
കുന്നിന്‍ മുകളില്‍ കയറി .ഹായ് . ..

നടന്നു നടന്നു ചെറുപ്പത്തില്‍ പാ0പുസ്തകം പഠിപ്പിച്ച കാശ്മീര ജലാശയക്കരയിലെത്തി. ഹൌസ് ബോട്ടുകള്‍..ചെറിയ വഞ്ചികള്‍ ഹൌസ് ബോട്ടുകള്‍ എന്നാല്‍ വാടക വീടുതന്നെ .അതില്‍ എല്ലാം ഉണ്ട്.കുഞ്ഞുകുട്ടിപരാധീനങ്ങളെയും കൊണ്ട് വന്നു ഇതില്‍ താമസം തുടങ്ങിയാല്‍ മതി. ചെറിയ വഞ്ചികളില്‍ ആളുകള്‍ സവാരി തുടങ്ങി..അപ്പോഴേക്കും എന്‍റെ പേടി പമ്പ കടന്നിരുന്നു..ഈ തടാകത്തില്‍ അതിക്രമിച്ചു കടന്ന തീവ്രവാദിചെടി..ഏതാണ്‌..ഒ ഇതു ആമ്പലാണോ..
ഞാന്‍ കാഷ്മീരത്തെ ഇപ്പോഴും മറ്റൊരു കണ്ണില്‍ കൂടിയാണല്ലോ കാണുന്നത്. മാധ്യമങ്ങള്‍ ശ്രുഷ്ടിച്ച അവബോധം പൊഴിച്ച് കളയാന്‍ തന്നെ തീരുമാനിച്ചു.
തടാകത്തിലായാലും മനസ്സിലായാലും പായലുകള്‍ ഉണ്ടാകാം.അതു നീക്കം ചെയ്യാമല്ലോ. .


കുറെ ബോട്ടുകള്‍ എന്നേ കടാക്ഷിച്ചു ഉടുത്തൊരുങ്ങിയ ഒരു ബോട്ട് എന്‍റെ നേരെ വന്നു..ഏതോ പരിചയം ഉള്ള പോലെ..എന്‍റെ പേഴ്സ് പോക്കറ്റില്‍ നിന്നും അല്പം തള്ളി നില്‍ക്കുന്നത് കണ്ടാവും ഈ വരവ്..ഉം..
കേരളക്കാരുടെ അന്തസ് കളയേണ്ടല്ലോ എന്നു കരുതി ഞാന്‍ അതില്‍ കയറി..തടാകത്തില്‍ തുഴ വീണു..ആമ്പല്‍ പൂക്കള്‍ക്കിടയിലൂടെ..
പണ്ട് സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്ക് കാശ്മീരില്‍ താമസിക്കണം. വീട് പണിയാന്‍ അനുവാദമില്ല.അപ്പോള്‍ സൂത്രപ്പണി ഒപ്പിച്ചു ജലഭവനം.കണ്ടാല്‍ ബോട്ട്.എന്നാല്‍ വീടാണ് താനും.ലോഡ്ജ് എന്നും പറഞ്ഞാല്‍ അവാസ്തവമാകില്ല .ഹൌസ് ബോട്ടുകളുടെ അരികിലൂടെ യാത്ര..ഇവ നങ്കൂരമിട്ടു കിടപ്പാണല്ലോ. സഞ്ചാരം ഇല്ല.വേരിറങ്ങിപ്പോയ ജല വീടുകള്‍ എന്നു വിളിച്ചാലോ.
അപ്പോള്‍ ഒരു വള്ളം തുഴഞ്ഞു കയറി എന്നെ മറികടന്നു..അമ്മയും മോളുമാണെന്ന് തോന്നുന്നു തുഴച്ചില്‍ക്കാരികള്‍..അടുത്ത മാര്‍ക്കറ്റിലേക്കോ വീട്ടിലേക്കോ പോകയായിരിക്കും.കാശ്മീരില്‍ എത്തും വരെ ഞാന്‍ കരുതിയത്‌ പര്‍ദയിട്ട സ്ത്രീകള്‍ ആയിരിക്കും ഇവിടെ കൂടുതല്‍ എന്നാണു.പക്ഷെ ആ കാഴ്ച അപൂര്‍വ്വം.( ഒരു പെണ്‍ പള്ളിക്കൂടത്തില്‍ ചെന്നപ്പോള്‍ ശ്രിനഗര്‍ ബി ആര്‍ സിക്ക് സമീപമുള്ളത്.മുതിര്‍ന്ന പെണ്‍കുട്ടികള്‍ ഷോട്സ് ധരിച്ചു സ്പോട്സില്‍ .)
ഒരു കാശ്മീരി ആയം വേഗം കൂട്ടി തിടുക്കത്തില്‍ എതിരെ വന്നു.അപ്പുറത്ത് കിടന്ന ഹൌസ് ബോട്ടില്‍ ആരെയോ എത്തിച്ചു മടങ്ങുകയാണെന്ന് തോന്നുന്നു.അയാള്‍ക്ക്‌ നല്ല പിരി മുറുക്കം.
ദാല്‍ തടാകം ..ആ ജലപ്പരപ്പില്‍ ഇങ്ങനെ ...എന്‍റെ സാരഥി ഓരോര അടവുകള്‍ പ്രയോഗിക്കുന്നുണ്ട്.."അവിടെ കാണേണ്ടേ?.. ഇതാ ഈ വഴിപോയാല്‍ നല്ല സാധനങ്ങള്‍ കിട്ടും .ഷോപ്പിംഗ്‌..ഗ്രാമത്തില്‍ പോകാം സര്‍.". 'ഗ്രാമത്തില്‍' എന്നത് എന്നേ വീഴ്ത്തി. ഒകെ പറഞ്ഞു. ഗ്രാമത്തിലേക്ക് വഴി തിരിച്ചു.ഗ്രാമവും തടാകത്തിന്റെ ഉള്‍പ്പിരിവു ..
ഇടവഴി പോലെ ജല വഴി
വഞ്ചി തുഴഞ്ഞു കയറി..അയാള്‍ക്ക്‌ ദീര്‍ഘ ദൂരമോടുന്ന ബസുകാരെ പോലെ ചില കടകളും മറ്റും പഥ്യം.അവിടെ എത്തി വഞ്ചി
ഒതുക്കും ,എന്നേയും. ഉം നടക്കട്ടെ വല്ലപ്പോഴുമല്ലേ..എന്നെ വിട്ടുകൊടുക്കും.. ഇരകളെ കണ്ട ആര്‍ത്തി.അയാള്‍ പറഞ്ഞത് .ശരിയാണ് വില കുറവുണ്ട്.കാശ്മീരി സില്‍ക്കും പഴവര്‍ഗങ്ങളും ശില്പങ്ങളും..എല്ലാം കിട്ടും
ദൂരെ മനോഹരമായ കാഴ്ചകള്‍..നാല് വശവും കുന്നുകള്‍ കാവല്‍ നില്‍ക്കുന്നു.അവ ജലാശയത്തില്‍ മുഖം നോക്കി മിനുക്കി നില്‍ക്കുന്ന പോലെ..തണുപ്പുകാലത്ത് എങ്ങനെ ആവും ഞാന്‍ അതു ഭാവനയില്‍ കണ്ടു.
.എത്ര സമയം ആയാലും ഈ അനുഭവം ആവോളം ആസ്വദിക്കാന്‍ തീരുമാനിച്ചു..
സന്ധ്യ.
തടാകത്തിനു നല്‍കിയ സൌന്ദര്യം ഇത്രയേറെ വരുമെന്ന് സന്ധ്യ തന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല
.
അടുത്ത ദിവസം രാവിലെ ഇറങ്ങിയപ്പോള്‍ മനസ്സില്‍ ലക്‌ഷ്യം കുറിച്ചു. .
ആ ഉയരമുള്ള കുന്നിന്‍ നെറുകയില്‍ എത്തണം..വഴി ചോദിച്ചു.
"ഒാ ഇതിലെ അര മണിക്കൂര്‍ കയറിയാല്‍ മതി. അല്ലെങ്കില്‍ ഓട്ടോ പിടിക്കണം."
സമയം ഏഴു മണി.അര മണിക്കൂറല്ലേ
ഉള്ളൂ നടക്കാം..
നടത്തം അല്ല കയറ്റം കയറല്‍.ആദ്യം വഴി തരക്കേടില്ല.. പിന്നെ ഇടുങ്ങി വന്നു.വളഞ്ഞും പുളഞ്ഞും .ചരലുകള്‍ നിറഞ്ഞ പാത.
അര മണിക്കൂര്‍ കയറിയപ്പോള്‍ മനസ്സിലായി അര എന്നാല്‍ ഇവിടെ വേറെ ഏതോ അളവാണെന്ന്
.ദൂരത്തിന്റെ, ഉയരത്തിന്റെ പത്ത് ശതമാനം പോലും ആയില്ല..വീണ്ടും അര മണിക്കൂര്‍ കൂടി കയറി.കിതച്ചു.താഴേക്കു നോക്കി. കുത്തനെയുള്ള ചരിവ്..കാലു തെറ്റിയാല്‍ തവിട് പൊടി..കയറണോ ഇറങ്ങണോ?.ഞാന്‍ ഒറ്റയ്ക്കാണ്.വഴി പരിചയമില്ല. വഴിയില്‍ ആളില്ല അനക്കമില്ല. .വല്ല ഭീകരന്മാരെങ്ങാനും ഒളിച്ചിരുന്ന് പണവും മറ്റും തട്ടിയെടുത്തു താഴേക്കു തള്ളിയാലോ..മനസ്സില്‍ പലവിധ ചിന്തകള്‍. താഴേക്കു നോക്കി.ശ്രീനഗര്‍ ഉയരത്തില്‍ നിന്നും കാണേണ്ടത് തന്നെ.ആ കാഴ്ച ആവേശം നല്‍കി.വരുന്നത് വരട്ടെ. ശബരിമല സ്ഥിതി ചെയ്യുന്ന പഞ്ചായത്തില്‍ പിറന്ന ഞാന്‍ കയറ്റം കണ്ടു പേടിച്ചു പിന്മാറാനോ..ഛെ ...
കയറുക തന്നെ. താഴേക്കു നോക്കി. മേലോട്ട് നോക്കി. മടങ്ങിയാലോ? കയറുന്നതിനേക്കാള്‍ പ്രയാസം ഇറങ്ങാന്‍. നിരങ്ങണം. കാലിടറിയാല്‍. ചരമകോളത്തില്‍ അന്ത്യ വിശ്രമം കാശ്മീരില്‍ എന്ന ഖ്യാതി കിട്ടും.കിഴുക്കാം തൂക്കായ മല. ചരിഞ്ഞു നീളുന്ന വഴിയിലൂടെ പുല്ലിലും ചെടിയിലും പിടിച്ചു കയറണം..ഗതി..സദ്ഗതി യാകട്ടെ..കിതപ്പ് കൂടി കാലിലെ മസില്‍ പിടിച്ചു.. കുടിക്കാന്‍ വെള്ളം പോലും കരുതിയില്ല. അരമണിക്കൂര്‍ യാത്രയല്ലേ..രാവിലെ വെറും വയറോടെ ആണ് പുറപ്പെട്ടതും..ക്ഷീണം കൂടി.
ഹൃദയം സാന്നിധ്യം പ്രകടമാക്കി.അപ്പോഴാണ്‌ അടുത്ത ഭയം ആന്‍ജിയോ പ്ലാസ്റ്റി ചെയ്തിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ.ആ ഹൃദയമാണ് തുടിച്ചു തുടിച്ചു ..ആരും തുണയില്ല .അത്യുന്നതങ്ങളില്‍ മരണം. അല്ലാതെ എന്ത് ചെയ്യും?
ഓ ചരിവ് കൂടിക്കൂടി വരികയാണല്ലോ...എനിക്ക് ധൈര്യത്തിന് ഒട്ടും കുറവില്ലെന്നു ഞാന്‍ പണ്ടേ തിരിച്ചറിഞ്ഞതാ..(പുളു അല്ല..ഇപ്പൊ കാണിച്ചു തരാം.. )
എന്നേ രക്ഷിക്കാന്‍ ഞാനല്ലാതെ മറ്റാര്? കേരളത്തില്‍ നിന്നും ഒരു ശങ്കരന്‍ വന്നു കേറി ധ്യാനിച്ച കുന്നല്ലേ..(കുന്നെന്നു പറഞ്ഞാല്‍ ഈ കൊടുമുടി സമ്മതിക്കുമോ) മറ്റൊരു കേരളക്കാരന്‍ പിന്തിരിയാനോ..ഞാന്‍ എന്നേ ഉന്തി തള്ളി കയറ്റി. ആഹാ.. ഇടറാതെ മനസിനെ കൂര്‍പ്പിച്ച് കരുത്തിനെ കാലുകളിലേക്ക് കുതിപ്പിച്ച് .. ഒരു വേഗതയില്‍ വെച്ച് പിടിച്ചു..
എങ്കിലും വീണ്ടും വീണ്ടും തളര്‍ന്നു.അല്പം അകലെ ഒരു ചെറിയ വിശ്രമത്താവളം പോലെ ഒരു നെറുക.. പരുന്തുകള്‍ വട്ടം ചുറ്റി പറക്കുന്നു. അല്പം ഇരുന്നു. കാറ്റ് വന്നു കാഷ്മീരത്തിന്റെ ഹൃദയനൈര്‍മല്യം പകര്‍ന്നു.ഇവിടെ അങ്ങനെ ഇരുന്നാലോ..ചുമ്മാതല്ല എകാഗ്രമാനസത്തോടെ..പ്രപഞ്ചതാളം ഉള്‍ക്കൊണ്ട്..
ഒരു പറവ പോലെ മനസ്സ് അയഞ്ഞു പറന്നു. വട്ടം ചുറ്റി..നാട് വിളിച്ചു ലോകത്തെവിടെ ചെന്നാലും കേരളം മടക്കി വിളിക്കും. അനുസരണയുള്ള ആത്മബന്ധം .പിന്നെ നടന്നു..അങ്ങനെ അങ്ങനെ കേറി കേറിക്കേറി ചെന്നപ്പോള്‍ അതാ കമ്പി വല വെച്ചു വഴി അടച്ചിരിക്കുന്നു.!
ഞാന്‍ സ്തബ്ദനായി.ഇനി ? ഇതു പോലൊരു ചോദ്യ ചിഹ്നം മുന്നില്‍. നടപ്പും കിതപ്പും പാഴായോ?
അപ്പോള്‍ പ്രത്യക്ഷപ്പെട്ടു രണ്ട് തോക്കുകള്‍. നെഞ്ചിനു നേരെ ഉന്നം പിടിച്ച്. രണ്ടു പട്ടാളക്കാര്‍ തോക്കും ചൂണ്ടി വന്നു. എന്നെ വളഞ്ഞു. തീവ്രവാദിയെകിട്ടിയ ഭാവത്തോടെ കസ്റ്റഡിയില്‍ എടുത്തു. (യാത്ര കേമം ആയില്ലേ)
ഏതായാലും കമ്പി വലയ്കപ്പുറം കൊണ്ട് പോയാണ് ചോദ്യം ചെയ്യല്‍

സൗമ്യതയില്ല
എന്തിന് വന്നു? എന്നു വന്നു? എവിടുന്നു വന്നു? ആരാണ്?...ഹോ പട്ടാള ചിട്ട..
"കുഞ്ഞി മക്കളെ ഇതു ഞാന്‍ .".ഐഡന്റിറ്റി കാര്‍ഡ് കാട്ടി. പൌരത്വം പൌരുഷം
ഒക്കെ കാണിക്കണം . ബോധ്യപ്പെടട്ടെ..ഞാന്‍ വന്ന കാര്യം പറഞ്ഞു..ഒരു പ്രോഗ്രാം നോട്ടീസ് കാണിച്ചു. ഇമെയിലിന് അങ്ങനെ ചില കാരുണ്യങ്ങളുണ്ട്.
"ഞങ്ങളുടെ നാട്ടീന്നു ഒരാള്‍ വളരെ പണ്ട് വന്നു തപസ്സു ചെയ്ത ഗിരി മുകളില്‍ ഒന്നെത്തനാ ഈ .. പാവം ഈ മല കേറിയത്‌....ശങ്കരാചാര്യരുടെ ക്ഷേത്രം കാണണം എന്നു മനസില്‍ പറഞ്ഞു."

അവര്‍ ദേഹം മുഴുവന്‍ പരിശോധിച്ചു അവയവങ്ങള്‍ ഓരോന്നും തടവി. ശരീരഘടനയില്‍ തൃപ്തി പ്രകടിപ്പിച്ചു. എല്ലാം ഉണ്ടെന്നുറപ്പ് വരുത്തി. ഫോണും മറ്റു കൈവശാവകാശ രേഖകളും പിടിച്ചു വെച്ചു.."പൊയ് വരൂ.".ഹോ ആ അശിര്‍വാദം..
ഞാന്‍ അവരുടെ മുന്നില്‍ തല കുമ്പിട്ടു. ക്ഷേത്രത്തിലേക്ക് തിടുക്കപ്പെട്ടു..
ബി സി ഇരുനൂറില്‍ പണിത ക്ഷേത്രം ശിവലിംഗ പ്രതിഷ്ഠ.
ആളുകള്‍ ഒറ്റയ്ക്കും തെട്ടയ്കും വരുന്നുണ്ട്. പാട്ടാളം കാവല്‍. ഓരോ സന്ദര്‍ശകനെയും ഉന്നം പിടിച്ച ഒരു തോക്ക് .അകത്തെ പടം പിടിക്കാനാഗ്രഹിച്ചെങ്കിലും നടന്നില്ല. ഫോണ്‍ പിടിച്ചു വെച്ചിരിക്കുകയല്ലേ
ഒരു നിത്യ ഹരിത വനത്തിന്റെ ആശിര്‍വാദം ഈ ക്ഷേത്രത്തെ ചുറ്റിപ്പിടിച്ചിട്ടുണ്ട്. ആ പ്രലോഭനം എനിക്ക് വീണ്ടും ഊര്‍ജം നല്‍കി.മടക്കം റോഡു മാര്‍ഗം.ഓട്ടോ വരും.വേണ്ട. വിശാലമായ ഈ പാതയിലൂടെ നടക്കാം. മടക്കം അങ്ങനെ മറ്റൊരു വഴിയാക്കി..
വഴിയില്‍ ....പൂക്കള്‍ ആരോ നാട്ടതോ .ഈ പൂവേതാണ് .ഞാന്‍ അടുത്തു ചെന്ന് പൂവല്ല കായാണ്‌ .. റോസയുടെ പോലെ ഇലകള്‍..കാട്ടു റോസാ എന്നു വിളിക്കാമോ..തെറ്റിപ്പഴത്തിന്റെ ഓര്‍മ ചോദിച്ചു
ഷാലിമാര്‍
ബസില്‍ കയറി ടിക്കറ്റെടുത്തു..ഷാലിമാര്‍.. ജഹാംഗീര്‍ ഹൃദയത്തില്‍ വളര്‍ത്തിയ പ്രണയവാടി . നൂര്‍ജഹാന്‍ ഓര്‍മയില്‍ വസന്തം പോലെ നിത്യ സൌരഭ്യം. പ്രേമത്തിന്റെ അനശ്വര പരിമളം . ധാരാളം പ്രണയികള്‍ അവിടെ തണല്‍ മരച്ചുവടുകളില്‍ പുഷ്പ സൌന്ദര്യത്തിനൊപ്പം മനസ്സ് പകര്‍ന്നു ഈ പൂന്തോപ്പിനെ ധന്യമാക്കുന്നു....അടുത്തുള്ള മലയുടെ മനോഹാരിത.നീ കൂടി ഉണ്ടായിരുന്നെങ്കില്‍.



ഗുല്‍മാര്‍ഗ്
ഇനി ഗുല്‍മാര്‍ഗ് കൂടി കാണണം.
അമ്പത്തിരണ്ട് കി മി യാത്രയുണ്ട് .ഗ്രാമങ്ങളിലൂടെ പോകാമല്ലോ.

പലവിധ കാഴ്ചകള്‍..ഒരിടത്ത് പുഴ അരിച്ചു കുഴിച്ചു മണ്ണെടുക്കുന്നു. ഭാരതപ്പുഴയ്ക്ക് വന്നതിനേക്കാള്‍ ശോചനീയം അവസ്ഥ..
കാശ്മീരിന്റെ മങ്ങിയ മുഖം കണ്ടു..
സ്കൂളില്‍ പോകേണ്ട കുട്ടികള്‍ കാലികളെ മേച്ചു റോഡില്‍ കൂടി കടന്നു പോയി.

ഗുല്‍മാര്‍ഗ് വിനോദ സഞ്ചാരികളുടെ ഇഷ്ടസ്ഥലം.
ഇപ്പോള്‍ മഞ്ഞു കാലം അല്ല.അതിനാല്‍ അല്പം ചാരുത കുറവുണ്ട്.

ഹിമാലയത്തണലില്‍ ഗുല്‍മാര്‍ഗ് തല ഉയര്‍ത്തി നിന്നു.
ഒരു കുതിര സവാരി. ആവട്ടെ.

.ഞാന്‍ കയറുന്ന കണ്ടപ്പോള്‍ കമ്പം കേറി ഒരുത്തി... കുതിരക്കൂട്ട് ..അങ്ങ് വടക്ക്എനിക്ക് ജാതകത്തില്‍ ഇല്ലാത്ത കുതിര സവാരി ..പുല്‍മേടുകള്‍ ഇരുള്‍ പുതയ്ക്കാന്‍ തുടങ്ങി..മടങ്ങുമ്പോള്‍ കാശ്മീരികളുടെ സൌമ്യ ഭാവം.. ഇടപെടലിലെ നിഷ്കളങ്കത ,ലാളിത്യം ഒക്കെ മനസ്സില്‍.
വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തേയ്ക്കു ഞാന്‍ .
വിമാനത്താവളം വീണ്ടും വട്ടം കറക്കി. 
നാല് തവണ പരിശോധന.സ്കാനിംഗ്. ലഗേജ് വലിച്ചു വാരി പുറത്തിട്ടു.
.ഈ പഴങ്ങള്‍ കാര്‍ഗോയില്‍ കൊണ്ടു പോയാല്‍ മതി..മറ്റുളളവ തല്‍ക്കാലെ കൊണ്ടുപോകണ്ട. ഒരു കിലോ ഉണക്ക
പഴം കയ്യില്‍ ഇരുന്നാല്‍..
എനിക്കതൊന്നും അല്പം പോലും രസിച്ചില്ല.

രാജ്യ സുരക്ഷയല്ലേ എന്നു സമാധാനിച്ചു..

Saturday, March 26, 2011

കടല്‍ മറീനയിലെ മണലില്‍ എഴുതിയ കഥ .

മറീന കടല്‍പ്പുറം .എല്ലാവരും തിരക്കിലാണ്.
ഞാന്‍ കടല്‍ കണ്ടില്ല.കടല്‍ എഴുതിയ കഥ വായിക്കാനായി മണല്പ്പരപ്പിലൂടെ നടന്നു. അജ്ഞാതമായ മുദ്രകളില്‍ അതു തെളിഞ്ഞു വന്നു.
വരൂ ....


നമ്മോടൊപ്പം അദൃശ്യമായ അനുഗ്രഹം വരും
സൂക്ഷിച്ചു നോക്കിയാല്‍ നമ്മുടെ കാല്പാടുകള്‍ പിന്തുടരുന്ന കുഞ്ഞു ചുവടുകള്‍ കാണാം.
ചിലപ്പോള്‍ അവയുടെ ചിറകടികള്‍ ഹൃദയത്തില്‍ കേള്‍ക്കാം.
കടല്‍ക്കരയില്‍ ഒറ്റയ്ക്കല്ലെങ്കില്‍ നിശ്ചയം.
മനസ്സില്‍ ആരെങ്കിലും തോണി ഇറക്കുന്നുന്ടെങ്കിലും അവര്‍ വരും

കടല്‍ പറവകള്‍ മാലാഖമാര്‍.
പ്രണയികള്‍ക്ക് മംഗളം ചോരിഞ്ഞടുത്തെത്തും സ്നേഹതീരങ്ങളില്‍.
സ്വര്‍ഗ്ഗ ലിപികളില്‍ മണലില്‍ എഴുതിയ ആശംസകള്‍


ഇതുപോലെ
തിര തീരത്തിലേക്ക് മനസ്സ് ചേര്‍ത്ത് ചേര്‍ത്ത് വെക്കും വീണ്ടും വീണ്ടും



നമ്മുടെ ചുവടുകളില്‍ കയറി തേവുന്ന ആര്‍ദ്ര സ്നേഹം.
ഹൃദയം ഹൃദയത്തിലേക്ക് ..
തീരാത്ത തിര പ്രവാഹം

തുഴഞ്ഞ ഓര്‍മ്മകള്‍.
കയങ്ങളില്‍
കരുത്തു പരസ്പരം പകര്‍ന യാത്രകള്‍.

കയറ്റി വെച്ചാലും അയവിറക്കുന്നുണ്ട് കടല്‍മോഹങ്ങള്‍.

എത്രയോ തവണ പകലുകള്‍ ചുമലില്‍ ചാരി നടന്ന പാദങ്ങള്‍ എഴുതിയ പാഠങ്ങള്‍ ..
ഒരിക്കല്‍ ഒറ്റയ്കിവിടെ എല്ലാ ദൂരങ്ങളും ഓര്‍ത്തു പേരറിയാത്ത കാല്പാടുകളുടെ തടവില്‍
പൂമുല്ല മുടിയില്‍ ചൂടിയഴകു പൂത്ത കിനാവുകള്‍ കോര്‍ത്ത ഇന്നലെ ..
ഇന്ന് ഇങ്ങനെ..ഇവിടെ.. എങ്കിലും.
മരീന ഏപ്പോഴും മണലില്‍ പ്രണയമെഴുതിക്കൊണ്ടിരിക്കും.ചരിത്രത്തില്‍ വിലാപകാവ്യങ്ങള്‍ തുടരുകയും..

Thursday, March 24, 2011

മേഘങ്ങള്‍ വിളിച്ചു..ഒപ്പം കൂടാന്‍..


തമിഴ് നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ ഏകാന്തത .
സീറ്റില്‍ ഞാന്‍ ഒറ്റ.


പുറത്തേക്ക് വെറുതെ കണ്ണ് അലഞ്ഞു.
അപ്പോള്‍ മേഘം വിളിച്ചു ചോദിച്ചു.
"ഞാനും വരട്ടെ."
കാറ്റാടികള്‍ മുറിച്ചിട്ട കാറ്റിന്‍ തുണ്ടുകള്‍ എനിക്കെറിഞ്ഞു തന്നു..

"എന്താ ഒരു മ്ലാനത.?
.എങ്കില്‍ ഞാനും പിണങ്ങും.."
പെട്ടെന്ന് മേഘത്തിലേക്ക്‌ ഭൂമി വിരല്‍ നീട്ടി..

ഈ പാടം കണ്ടോ?
എന്താ പെയ്യാതെ..?
എങ്ങനെ പെയ്യാനാ ..തടഞ്ഞു വെച്ചിരിക്കയല്ലേ..ഈ രാക്ഷസന്‍ ..
പെയ്താലും ഒതുക്കും.
രാവണഹസ്തങ്ങളില്‍.. ..

എങ്കിലും ഈ കണ്ണാടിജലാശയം നിറഞ്ഞു കാണാനായി..
കനിഞ്ഞു പെയ്യാം.
"ഈ വഴി പോകാം മക്കള്‍ അവിടുണ്ട്.."
"അവരെയെല്ലാം വിളിക്കട്ടെ.."
"വരീന്‍ ദേ.."
ദൂരെ നിന്നും ഓടി വരുന്ന സ്നേഹമേഘങ്ങള്‍..
തണലില്‍.. പച്ചക്കുളിരില്‍ ..അല്പം വിശ്രമിചാലോ?.

"ഈ കമ്പികളില്‍ ഇരുന്നോളൂ..ചാഞ്ഞു തരാം.."
സ്റ്റോപ്പ്‌.
ചെക്കിംഗ്.
വല്ലതും ആകാശമാര്‍ഗം കടത്ത്തുന്നുണ്ടോ.
ഗന്ധര്‍വമേഘമേ നീ..?..